‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ ; തമിഴ്നാടിന്റെ പിന്തുണ തേടി രമേശ് ചെന്നിത്തല ചെന്നൈയിലേക്ക്
സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ (Operation Toofan – The Narco Hunt) ദക്ഷിണേന്ത്യയാകെ വ്യാപിപ്പിക്കാൻ നീക്കം. ലഹരിക്കടത്തിന്റെ വേരറുക്കാൻ അയൽ സംസ്ഥാനങ്ങളുടെ സഹായം തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച രാവിലെ 11.30-ന് ചെന്നൈയിൽ വെച്ചാണ് നിർണ്ണായക ചർച്ച നടക്കുന്നത്.
ലഹരി കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും, മയക്കുമരുന്നിന്റെ വ്യാപനം പൂർണ്ണമായും തടയുന്നതിനും തമിഴ്‌നാട് സർക്കാറിന്റെ ശക്തമായ പിന്തുണ ഉറപ്പുവരുത്തുകയാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. കേരളത്തിലേക്ക് മയക്കുമരുന്നുകൾ എത്തുന്ന പ്രധാന വഴികളിലൊന്നാണ് തമിഴ്നാട് അതിർത്തികൾ. അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയുന്നതിൽ തമിഴ്നാട് സർക്കാറിന്റെ ഇടപെടൽ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞാണ് ചെന്നിത്തലയുടെ ഈ നീക്കം.
കേരളം ഒറ്റയ്ക്ക് നടത്തുന്ന പോരാട്ടത്തിന് പകരം, അയൽ സംസ്ഥാനങ്ങളുമായി കൈകോർത്ത് ഒരു സംയുക്ത നീക്കത്തിനാണ് ആഭ്യന്തര വകുപ്പ് രൂപം നൽകുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചെന്നിത്തല ബംഗളൂരുവിൽ വെച്ച് ചർച്ച നടത്തിയിരുന്നു. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ലഹരിവിരുദ്ധ പോരാട്ടം മയക്കുമരുന്ന് മാഫിയയ്ക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
.jpg)

