ഓപ്പറേഷൻ തൂഫാൻ: 10 കോടിയുടെ ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലഹരിമുക്ത കേരളം ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി ഇതുവരെ 10 കോടിയിലധികം വിലമതിക്കുന്ന നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് ആസ്ഥാനത്ത് ഐ.ബി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ തെന്നിന്ത്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ ഇന്റർ ഏജൻസി കോ-ഓർഡിനേഷൻ യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിനെതിരെ 'തൂഫാൻ വാരിയറാ'യി പ്രവർത്തിക്കാൻ നടൻ മോഹൻലാൽ സന്നദ്ധത അറിയിച്ചതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി വിശ്വശാന്തി ഫൗണ്ടേഷൻ മയക്കുമരുന്നിനെതിരെ രംഗത്തുണ്ട്. സിനിമാതാരങ്ങളും പ്രഗല്ഭ വ്യക്തികളും തൂഫാൻ വാരിയേഴ്സാകാൻ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ലഹരി മരുന്ന് വരുന്നത് കേരള അതിർത്തി കടന്നാണ്. ലഹരി വിൽപ്പനയുടെ സോഴ്സ് കണ്ടെത്തി നശിപ്പിക്കുകയാണ് ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യം. കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ ഓപ്പറേഷൻ തൂഫാൻ വിപുലീകരിക്കും. ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുന്നതിനും എൻഫോഴ്‌സ്‌മെന്റ് നടപടികൾ വിപുലീകരിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഏജൻസികളുമായി കൈകോർത്തുകൊണ്ട് മൾട്ടി ഡിജിറ്റൽ ഇന്റഗ്രേഷൻ പ്രോജക്ട് നടപ്പാക്കും. ലഹരി വ്യാപനം തടയുന്നതിനായി പ്രത്യേക പരിശീലനം നേടിയ സ്‌പെഷ്യൽ ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്‌പെഷ്യൽ ടീമുകൾ ലഹരി വ്യാപനത്തിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കും. ലഹരിവ്യാപനം തടയുന്നതിനുള്ള നിരന്തര പ്രവർത്തനവും ഇവർ ഉറപ്പാക്കും. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് വിദേശികളെ ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോൾ 2575 കേസുകൾ രജിസ്റ്റർ ചെയ്തു. 2778 പേരെ അറസ്റ്റ് ചെയ്തു. 1.589 കിലോഗ്രാം എം.ഡി.എം.എ, 146.45 കിലോഗ്രാം കഞ്ചാവ്, 464.045 ഗ്രാം ഹാഷിഷ് ഓയിൽ, 350.439 ഗ്രാം ബ്രൗൺ ഷുഗർ, 11 എൽ.എസ്.ഡി സ്റ്റാമ്പുകൾ, 141 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. ലഹരി വസ്തുക്കൾ എവിടെനിന്ന് വരുന്നുവെന്നത് സംബന്ധിച്ച ഏകദേശരൂപം പോലീസിന് ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികളെല്ലാം ഓപ്പറേഷൻ തൂഫാന് വലിയ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്നത്തെ യോഗത്തിലുണ്ടായ അഭിപ്രായങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഓപ്പറേഷൻ നടപടിക്രമങ്ങളിൽ മാറ്റം വരുത്തും. കൂടുതൽ ശാസ്ത്രീയമായ രീതികൾ സ്വീകരിക്കും.
തൂഫാൻ സ്‌ട്രൈക്, തൂഫാൻ വാരിയേഴ്‌സ്, തൂഫാൻ കെയർ എന്നിങ്ങനെ മൂന്ന് ഘട്ടമായി ഓപ്പറേഷൻ തൂഫാൻ മുന്നോട്ട് കൊണ്ടുപോകും. കുറ്റകൃത്യം പിടികൂടുന്നതിനൊപ്പം യുവ തലമുറ ഉൾപ്പെടെയുള്ളവരെ പദ്ധതിയുടെ ഭാഗമാക്കി മാറ്റി ലഹരിവിരുദ്ധ പ്രചാരണം നടത്തും. ഏത് കാരവാനായാലും പോലീസ് കയറി പരിശോധിക്കും. ലഹരി വ്യാപനം തടയുക, ഉറവിടം കണ്ടെത്തി നശിപ്പിക്കുക എന്നീ ഉദ്ദേശ്യ ലക്ഷ്യത്തോടെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം T-INT എന്ന് പേരിൽ പുതിയ സംരംഭവും ആരംഭിച്ചിട്ടുണ്ട്. എയർപോർട്ടുകൾ, സീപോർട്ടുകൾ എന്നിവിടങ്ങളിൽ സമയബന്ധിതമായി യോഗങ്ങൾ ചേരും. ശാസ്ത്രീയ നടപടിക്രമങ്ങളിലൂടെ ലഹരിവേട്ട ഫലപ്രദമാക്കും. ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിന് പോലീസ് നായകൾക്ക് പ്രത്യേക പരിശീലനം നൽകും. ലഹരിക്കടിമപ്പെട്ടവരെയും ഇതിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നവരെയും പുനരധവാസം നടത്തും. തൂഫാൻ ആരംഭിച്ചതോടെ ലഹരി മാഫിയ തത്കാലത്തേക്ക് വിതരണം നിർത്തിവച്ചിട്ടുണ്ട്. എന്നാൽ, ഇതൊരു തുടർപ്രക്രിയ ആയിരിക്കുമെന്നും ലഹരി മാഫിയ എന്ന വിപത്തിന്റെ അടിവേരറക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ കേരളത്തിലെ എല്ലാ നിയോജക മണ്ഡലത്തിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണം നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് വൺ മില്യൺ തൂഫാൻ ഗോൾസ് എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ പദ്ധതിയും ലഹരിക്കെതിരായുള്ളതാണ്. തന്റെ പേഴ്സണൽ സ്റ്റാഫിൽ ലഹരിയുമായി ബന്ധപ്പെട്ട ആരും പ്രവർത്തിക്കുന്നില്ലെന്നും വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി.
ഇന്റർ ഏജൻസി കോ-ഓർഡിനേഷൻ യോഗത്തിൽ ആഭ്യന്തര വകുപ്പുമന്ത്രിക്ക് പുറമേ, സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖർ, ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവ് മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ, കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, റവന്യൂ ഇന്റലിജൻസ്, കോസ്റ്റൽ പോലീസ്, സംസ്ഥാന ഇന്റലിജൻസ്, കേരള എക്‌സൈസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, നാഷണൽ ടെക്‌നിക്കൽ റിസർച്ച് ഓർഗനൈസേഷൻ തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
.jpg)

