'കേരളത്തിലെ മയക്കുമരുന്നിന്റെ വേര് അറക്കാൻ ഓപ്പറേഷന്‍ തുഫാന്‍- ദ നര്‍ക്കോ ഹണ്ട്' ; ജൂണ്‍ ഒന്ന് മുതല്‍ പദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

'Operation Toofan - The Narco Hunt' to eradicate drugs in Kerala; Home Minister Ramesh Chennithala says the project will start from June 1

 തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം വേരോടെ തുടച്ചുനീക്കാൻ പൊലീസ് ഓപറേഷൻ തുഫാൻ, ദി നാർക്കോ ഹണ്ട് എന്ന് പേരിൽ പുതിയ യത്നം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്റ്റേഷനുകളെ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പൊലീസിൽ ശൈലീമാറ്റം വരുമെന്നും സംസ്ഥാനതല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് മയക്കുമരുന്നിന്‍റെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും. സ്കൂൾ പരിസരങ്ങളിൽ പുകയില, മയക്കുമരുന്ന് വിൽപ്പനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്കൂൾ തുറക്കുന്ന ജൂൺ ഒന്നുമുതൽ ഓപറേഷൻ തുഫാൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മയക്കുമരുന്ന് വ്യാപനത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള നീക്കങ്ങളാണ് പൊലീസ് സ്വീകരിക്കുന്നത്. സിന്തറ്റിക് ഡ്രഗ് അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലെത്തുന്നത്. അതിനാൽ ഓപറേഷൻ തൂഫാൻ നടപ്പാക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്‍റെ സഹായവും തേടും. മയക്കുമരുന്ന് വ്യാപന വിഷയങ്ങൾ പൊതുജനം തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭാവി തലമുറയെ കരുതിയുള്ള വലിയ ഓപറേഷനാണ് ഇതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകൾക്കും പുതിയ മുഖം ഉണ്ടാവും. പൊലീസ് സ്റ്റേഷനുകളെ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റും. സ്റ്റേഷനിൽ വരുന്ന വ്യക്തികളെ കുറ്റവാളികളായി കാണാതെ ഒരു വ്യക്തിയായി കണ്ട്, അവർക്ക് പറയാനുള്ളത് സമചിത്തതയോടെ കേൾക്കാനും അത് പരിഹരിക്കാനും പൊലീസിന് ഉത്തരവാദിത്തമുണ്ട്. നേരത്തെ പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐ മാരായിരുന്നു ചുമതല. ഇത് പിന്നീട് സി.ഐയിലേക്ക് മാറ്റി. എസ്.ഐക്കുള്ള അധികാരം നഷ്ടപ്പെട്ടു. എന്നാൽ സ്റ്റേഷനിൽ എസ്.ഐമാരും സി.ഐമാരും ഡി.വൈ.എസ്.പിമാരും വേണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ സംവിധാനത്തിൽ മാറ്റം വരുത്തുന്നത് പഠിക്കാൻ എ.ഡി.ജി.പി ഹെഡ്ക്വാർട്ടേഴ്സിന്‍റെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് ലഭിച്ചാലുടൻ പരിഷ്കരണം നടപ്പാക്കും. സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുമെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. 

Tags