ഓപ്പറേഷൻ തൂഫാൻ; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പിടികൂടി: ആഭ്യന്തരമന്ത്രി

ramesh chennithala

തിരുവനന്തപുരം: കേരള പോലീസിന്റെ ലഹരി വിരുദ്ധ ദ്രുതകർമ്മ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാനപ്പെട്ട രണ്ടു കണ്ണികൾ പിടിയിലായതായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പന്തളത്ത് രജിസ്റ്റർ ചെയ്ത കേസിൽ നൈജീരിയൻ പൗരൻ സാമുവൽ ക്ളിഫ്‌സൺ ഒക്‌ഫോർറിനെ  ഡെൽഹിയിൽ നിന്ന് പോലീസ്‌ അതിസാഹസികമായി പിടികൂടി.  പത്തനംതിട്ട പെരിനാട് രജിസ്റ്റർ ചെയ്ത കേസിൽ എൽസീന സന്താൻ സൂസൻ എന്ന വിദേശ വനിതയെ ബംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.  വിദേശത്ത് നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ഉറവിടത്തിലെ രണ്ടു കണ്ണികളാണിവർ. കഴിഞ്ഞ മൂന്ന്‌ ദിവസത്തിനുള്ളിൽ 60 ലക്ഷം രൂപയുടെ  ലഹരി ഉത്‌പന്നങ്ങൾ പിടിച്ചെടുത്തുവെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെ 728 കേസുകൾ ഓപ്പറേഷൻ തൂഫാനിലൂടെ രജിസ്‌റ്റർ ചെയ്‌തു. 795 പേരെ അറസ്‌റ്റ്‌ ചെയ്‌തു. 0.6256 കിലോഗ്രാം എം.ഡി.എം.എയും 48.049 കിലോ കഞ്ചാവും 0.136 കിലോ ഹാഷിഷ്‌ ഓയിലും 480 കഞ്ചാവ്‌ ബീഡിയും പോലീസ്‌ പിടിച്ചെടുത്തു. കേരളത്തെ ഡ്രഗ്‌ ഫ്രീ സംസ്ഥാനമാക്കുകയാണ്‌ ലക്ഷ്യം.

മയക്കുമരുന്ന്‌ ഇല്ലാതാക്കാൻ രഹസ്യ വിവരങ്ങൾ പൊതു ജനങ്ങൾക്ക് മൂന്നു നമ്പറുകൾ വഴി കൈമാറാം. 9497979794, 9497927797 എന്നീ നമ്പറുകളിൽ കോളിലൂടെയും, 9995966666 എന്ന നമ്പരിൽ വാട്സാപ്പിലൂടെയും വിവരങ്ങൾ കൈമാറാം. വിവരങ്ങൾ നൽകുന്നവരുടെ സ്വകാര്യത സംരക്ഷിക്കും.

ലഹരിക്കെതിരെ പ്രവർത്തിക്കാൻ സെലിബ്രിറ്റികളുൾപ്പെടെ  നിരവധിപേർ മുന്നോട്ടുവരുന്നുണ്ട്‌. മമ്മൂട്ടിയുടെ ലഹരി വിരുദ്ധ സംഘത്തിനൊപ്പം കേരള പോലീസ് ചേർന്ന് പ്രവർത്തിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ ലഹരി ഉപയോഗത്തിന്റെ വീഡിയോയിൽ കേരള പോലീസിനെ ടാഗ് ചെയ്തുകൊണ്ട് നടൻ ഉണ്ണി മുകുന്ദൻ മുന്നോട്ടുവന്നത് അഭിനന്ദനീയമാണ്.

ഓപ്പറേഷൻ തൂഫാന്റെ ഉദ്‌ഘാടനം നടന്ന ജൂൺ രണ്ടിന്‌ രാത്രി മുതൽ കേരളത്തിൽ മയക്കുമരുന്ന് ശൃംലയുടെ വേരറുക്കാൻ വ്യാപക പരിശോധനയ്‌ക്ക്‌ തുടക്കമിട്ടു. ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയാണ്‌ ലക്ഷ്യം. എല്ലാ പോലീസ് ജില്ലകളിലും സുസംഘിടതമായ പരിശോധന നടക്കുന്നതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട്‌ 84 സബ്‌ ഡിവിഷനുകളിലായി 16 അംഗങ്ങളുള്ള നാലു ടീമുകളെ രൂപീകരിച്ചു. സ്‌പെഷ്യൽ ഓഫീസറായി ഐ.ജി പുട്ട വിമലാദിത്യയെ നിയമിച്ചു. മയക്കുമരുന്നിൻ്റെ  ഉറവിടം കണ്ടെത്താനായി തൂഫാൻ ഇന്റലിജൻസ് എന്ന പേരിൽ  സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സ്കൂളുകൾക്കു മുന്നിൽ പുകയില വിൽക്കുന്നവരെ പൂർണമായി നിരോധിച്ചു. ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മുന്നിലും ലഹരി, പുകയില ഉത്‌പന്നങ്ങൾ വിൽക്കാൻ പാടില്ല. വിൽക്കുന്നവരെ കർശനമായി നിയമത്തിന് മുന്നിൽ കൊണ്ടുവരും.

ബോധവൽക്കരണത്തോടൊപ്പം ശക്തമായ നടപടിയും സ്വീകരിക്കുകയാണ്‌ സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളതെന്നും മന്ത്രി രമേശ്‌ ചെന്നിത്തല വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Tags