ലഹരിക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കും: ആഭ്യന്തര മന്ത്രി

Operation Toofan; 10 crore narcotics seized, 2778 people arrested, says Home Minister Ramesh Chennithala

കേരളത്തിലെ യുവശക്തിയെ തകർക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിക്കെതിരെ കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.പദ്ധതിയുടെ രണ്ടാം ഘട്ടമായ തൂഫാൻ കെയർ, തൂഫാൻ വാരിയർ എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി മരണത്തിന്റെ വ്യാപാരികളായ മയക്കുമരുന്ന് കച്ചവടക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്ന 'തൂഫാൻ സ്ട്രൈക്ക്', വിദ്യാർത്ഥികളെയും ജനങ്ങളെയും അണിനിരത്തിയുള്ള 'തൂഫാൻ വാരിയേഴ്സ്', ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന 'തൂഫാൻ കെയർ' എന്നീ മൂന്ന് ഘടകങ്ങളാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ മൂവായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
മയക്കുമരുന്ന് മാഫിയ കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം റൂറലിൽ നിന്ന് 18 കോടി രൂപയുടെ മയക്കുമരുന്നും, കാസർഗോഡ് മിഠായിയുടെ രൂപത്തിൽ കുട്ടികൾക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ലഹരിവസ്തുക്കളുടെ വൻ ശേഖരവും പോലീസ് പിടികൂടി. കുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നതിനെതിരെ അമ്മമാരിൽ നിന്ന് വലിയ ആശങ്കകളാണ് ഉയർന്നുവരുന്നതെന്നും ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

ലഹരിമുക്ത കേരളം യാഥാർത്ഥ്യമാക്കുന്നതിനായി സംസ്ഥാനത്തെ ആശുപത്രികൾ ഗ്രൗണ്ട് തലം മുതൽ നിർബന്ധമായും നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രി മുന്നോട്ടുവെച്ചു. എംഡിഎംഎ പോലുള്ള മാരകമായ സിന്തറ്റിക് ലഹരിമരുന്നുകൾക്ക് അടിമപ്പെടുന്നവർക്കായി പ്രത്യേക മെഡിക്കൽ ഡീ-അഡിക്ഷൻ ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുക, കേരള പോലീസിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ ഓൺലൈൻ ടോക്ക് റൂമുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെയും സൈക്യാട്രിസ്റ്റുകളുടെയും സേവനം ഉറപ്പാക്കുക കൂടാതെ, ലഹരിയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ ട്രോമാകെയർ വിഭാഗത്തിൽ പ്രത്യേക ഫാസ്റ്റ് ട്രാക്ക് പ്രോട്ടോക്കോൾ രൂപീകരിക്കണമെന്നും, കുട്ടികളിലെ ലഹരി ഉപയോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന മെഡിക്കൽ ചെക്ക്‌ലിസ്റ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി മാതാപിതാക്കൾക്കായി ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പോലീസ് ലഹരിമരുന്ന് പിടികൂടി പ്രതികളെ ജയിലിലാക്കുമെങ്കിലും അതിനടുത്ത ഘട്ടമായ 'കെയർ' അഥവാ ചികിത്സയാണ് ഏറെ പ്രധാനമെന്നും, ഇതിനായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി ആദ്യം തന്നെ മുന്നോട്ടുവന്നത് ഏറെ അഭിനന്ദനാർഹമാണ്. തൃശ്ശൂർ അതിരൂപത, മാർത്തോമ്മാ സഭ എന്നിവരുടെ കീഴിലുള്ള ഡീ-അഡിക്ഷൻ സെന്ററുകളെ ഏകോപിപ്പിച്ച് വിപുലമായ ചികിത്സാ സംവിധാനം പോലീസ് ഒരുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ചടങ്ങിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ മുഴുവൻ ജീവനക്കാരെയും മന്ത്രി 'തൂഫാൻ വാരിയേഴ്സ്' ആയി പ്രഖ്യാപിച്ചു. ആശുപത്രി ഡയറക്ടർ ഫാദർ ജേക്കബ് പാല ക്കപ്പിള്ളി അച്ചന് തൂഫാൻ വാരിയർ ബാഡ്ജ് കുത്തി നൽകിക്കൊ ണ്ടായിരുന്നു പ്രഖ്യാപനം.

ലിറ്റിൽ ഫ്‌ളവർ ആശുപത്രി ഡയറക്ടർ റവ. ഡോ. ജേക്കബ്ബ്‌ ജോർജ്ജ്‌ പാലയ്ക്കാപ്പള്ളിൽ അധ്യക്ഷനായി. അൻവർ സാദത്ത് എം എൽ എ, ഫാ. വർഗീസ്‌ പൊന്തേപ്പള്ളി, അങ്കമാലി മുനിസിപ്പൽ ചെയർപേഴ്‌സൺ റീത്താപോൾ, കൗൺസിൽ ബിജി റെജി, മെഡിക്കൽ സൂപ്രണ്ട്‌ സ്റ്റിജി ജോസഫ്‌, ഡോ.സി ജെ ജോസഫ് പ്രൊ. സെബാസ്റ്റ്യൻ ജെ പെങ്ങംപറമ്പിൽ, നഴ്സിംഗ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags