'ഓപ്പറേഷൻ തെളിമ' ; സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ; നിരവധി സ്ഥാപനങ്ങൾ പൂട്ടിച്ചു

'Operation Thelima': The Food Safety Department takes strict action against establishments in the state operating in violation of food safety standards; numerous establishments have been shut down.

 കോഴിക്കോട്: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ‘ഓപ്പറേഷൻ തെളിമ’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ കോഴിക്കോട് മാത്രം നിലവാരമില്ലാത്ത 440 ലിറ്റർ ഭക്ഷ്യ എണ്ണ പിടികൂടി നശിപ്പിച്ചു. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശൂർ, കൊല്ലം തുടങ്ങിയ ജില്ലകളിലാണ് വ്യാപക പരിശോധന നടത്തിയത്.

വൻതോതിൽ എണ്ണക്കടികൾ നിർമ്മിച്ച് റീട്ടെയിൽ കടകളിലേക്കും ഹോട്ടലുകളിലേക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കോഴിക്കോട് പുലർച്ചെ ആരംഭിച്ച റെയ്ഡിൽ ആവർത്തിച്ച് ഉപയോഗിച്ച 440 ലിറ്റർ ഭക്ഷ്യ എണ്ണയും, വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്ത ആയിരത്തോളം എണ്ണക്കടികളും ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം പരിശോധിക്കാൻ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സേവനവും ഉപയോഗപ്പെടുത്തി. ജില്ലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടപ്പിച്ചുപൂട്ടുകയും, വൃത്തിഹീനമായി പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

മലപ്പുറത്ത് എണ്ണക്കടി നിർമ്മാണ കേന്ദ്രങ്ങളിൽ നിന്ന് 5 ലിറ്റർ പഴകിയ എണ്ണ പിടികൂടി. ഒരു സ്ഥാപനം അടപ്പിച്ചുപൂട്ടുകയും മൂന്നെണ്ണത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. പാലക്കാട് നഗരത്തിലെ നാല് സ്ഥാപനങ്ങളിൽ നിന്ന് നിലവാരമില്ലാത്ത 120 ലിറ്റർ ഭക്ഷ്യ എണ്ണ പിടിച്ചെടുത്തു. തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതിനെ തുടർന്ന് നാല് കടകൾക്കും പിഴ ചുമത്തി. എറണാകുളത്തും തൃശ്ശൂരും മൂന്ന് സ്ഥാപനങ്ങൾ അടപ്പിച്ചുപൂട്ടിച്ചു. എറണാകുളത്ത് സമൂസ നിർമ്മാണത്തിനായി എത്തിച്ച ചീത്തയായ 30 കിലോഗ്രാം ക്യാരറ്റും ഉദ്യോഗസ്ഥർ നശിപ്പിച്ചു. കൊല്ലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിലും സംഭരണത്തിലും ഗുരുതര വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags