ഓപ്പറേഷൻ കണ്ണൂർ മഖ്‌ന : ആദ്യ ശ്രമം പരാജയം, 10 മണിക്കൂർ നിരീക്ഷിച്ചിട്ടും മോഴയാനയെ മയക്കുവെടി വയ്ക്കാനായില്ല
ഇരിട്ടി : ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതി പരത്തിയ മോഴയാനയായ കണ്ണൂർ മഖ്‌ന–1നെ മയക്കുവെടിവച്ച് പിടികൂടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച ദൗത്യം 10 മണിക്കൂറോളം നീണ്ട നിരീക്ഷണത്തിനൊടുവിലും മയക്കുവെടിവയ്ക്കാൻ അനുയോജ്യമായ സാഹചര്യം ലഭിക്കാത്തതിനെ തുടർന്ന് അവസാനിപ്പിച്ചു.
ചൊവ്വാഴ്ച്ചപുലർച്ചെ അഞ്ചോടെ മോഴ ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതോടെയാണ് ദൗത്യസംഘം രംഗത്തെത്തിയത്. പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും പ്രദേശവാസികളും ഉൾപ്പെടെയുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. തുടർന്ന് വനപാലകർ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആനയെ നിരീക്ഷിച്ചു.
മോഴയ്ക്കൊപ്പം കല്ലേരിക്കൊമ്പൻ, സുന്ദരി എന്നീ ആനകളും ഉണ്ടായിരുന്നത് ദൗത്യത്തിന് തിരിച്ചടിയായി. മോഴയെ ആനക്കൂട്ടത്തിൽനിന്ന് മാറ്റാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും മറ്റ് ആനകളും മോഴയ്ക്കൊപ്പം നീങ്ങി.

ഓടച്ചാൽ ഭാഗത്ത് നിലയുറപ്പിച്ച മോഴയ്ക്ക് സമീപത്തേക്ക് ഇടതൂർന്ന ഇഞ്ചക്കാട് കാരണം ദൗത്യസംഘത്തിന് നേരിട്ട് എത്താനായില്ല. മയക്കുവെടിവയ്ക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആന മാറാതിരുന്നതും പ്രതിസന്ധിയായി. കനത്ത ചൂടിനെ തുടർന്ന് ആനക്കൂട്ടം പൊന്തക്കാട്ടിലേക്ക് മാറിയതോടെ ഉച്ചയോടെ മയക്കുവെടി ശ്രമം നിർത്തി നിരീക്ഷണം തുടർന്നു. ഉച്ചകഴിഞ്ഞും സാഹചര്യം അനുകൂലമാകാത്തതോടെ ബുധനാഴ്ചത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
മുത്തങ്ങയിൽനിന്ന് എത്തിച്ച വിക്രം, ഭരത്, ഉണ്ണികൃഷ്ണൻ എന്നീ മൂന്ന് കുങ്കിയാനകളും വളയംചാലിലെ വനംവകുപ്പ് ഓഫിസിന് സമീപം സജ്ജമായിരുന്നു. മയക്കുവെടിയേറ്റ മോഴയെ വാഹനത്തിലേക്ക് മാറ്റുന്നതിനാണ് കുങ്കിയാനകളെ എത്തിച്ചത്. ദൗത്യത്തിന്റെ ഭാഗമായി ആറളം പഞ്ചായത്തിലെ ആറു, ഏഴ് വാർഡുകളിലും ആറളം ഫാമിലെ 7, 9, 10, 13 ബ്ലോക്കുകളിലും ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആളുകൾ കൂട്ടംകൂടുന്നത് തടയാൻ വൻ പോലീസ് സന്നാഹവും ഏർപ്പെടുത്തി. കീഴ്പ്പള്ളി–ഓടൻതോട്–വളയംചാൽ റോഡിലും ഗതാഗത നിയന്ത്രണമുണ്ടായിരുന്നു.ആറളം പോലീസിന് പുറമെ ഉളിക്കൽ, കരിക്കോട്ടക്കരി, മട്ടന്നൂർ സ്റ്റേഷനുകളിൽനിന്നുള്ള പോലീസുകാരെയും ആംബുലൻസ്, മെഡിക്കൽ സംഘത്തെയും സജ്ജമാക്കിയിരുന്നു. മോഴ വീണ്ടും വന്യജീവി സങ്കേതത്തിലേക്ക് കടക്കാതിരിക്കാൻ ഓടച്ചാൽ മേഖലയിലും വനംവകുപ്പ് കാവൽ ശക്തമാക്കി.
കണ്ണൂർ ഡിഎഫ്ഒ സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, റെയിഞ്ചർമാരായ ടി. നിതിൻ രാജ്, സുധീർ നേരത്ത്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പേരാണ് ദൗത്യസംഘത്തിലുള്ളത്. ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പ്രദേശത്ത് ക്യാമ്പ് ചെയ്തു.മോഴയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യം രണ്ട് ദിവസം കൂടി തുടരും. സാഹചര്യം അനുകൂലമായാൽ മാത്രമേ മയക്കുവെടിവയ്ക്കുകയുള്ളൂവെന്നും രണ്ട് ദിവസത്തിനകം ദൗത്യം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കണ്ണൂർ ഡിഎഫ്ഒ പറഞ്ഞു.
.jpg)

