ഒ.പി. ടിക്കറ്റ് ഇനി ഓൺലൈനിൽ; ആരോഗ്യവകുപ്പിന്റെ ആപ്പിലെ കൂടുതൽ സേവനങ്ങൾ അറിയാം

OP tickets now online; Know more services on the Health Department app

പാലക്കാട്: നിരവധി സൗകര്യങ്ങളുമായി ആരോഗ്യവകുപ്പിന്റെ 'എം.ഇ. ഹെൽത്ത്' ആപ്പ്. അടുത്തുള്ള സേവനങ്ങളെന്ന ഓപ്ഷൻ ('നിയർ ബൈ സർവീസ് ഓപ്ഷൻ') സജ്ജമാക്കിയാണ് കൂടുതൽ സേവനങ്ങൾ ഒരുക്കിയത്. ഇതിലൂടെ സമീപത്തുള്ള സർക്കാർ ആശുപത്രികൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ ഹോമിയോപ്പതി ആശുപത്രികൾ, കാരുണ്യ ഫാർമസികൾ എന്നിവയുടെ വിവരങ്ങളും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം, ലാബ് പരിശോധന, നിരക്ക്, രക്തബാങ്ക്, പേവാർഡ്, റേഡിയോളജി സേവനം, ഫാർമസി തുടങ്ങിയവയും അറിയാനാകും. ഇ-ഹെൽത്ത് നടപ്പാക്കിയ ആശുപത്രികളിൽ മുൻകൂട്ടി ഒ.പി. ടിക്കറ്റെടുക്കാനും സംവിധാനമുണ്ട്.


ആപ്പ് ഉപയോഗം 

    എം.ഇ. ഹെൽത്ത് ആപ്പ് ഇൻസ്റ്റാൾചെയ്ത് ഫോൺ നമ്പറും ഒ.ടി.പി.യും നൽകി ലോഗിൻ ചെയ്യുക
    ആധാർനമ്പർ നൽകി ഏകീകൃത ആരോഗ്യ തിരിച്ചറിയൽനമ്പർ (യുണീക് ഹെൽത്ത് ഐ.ഡി.) സൃഷ്ടിച്ചാൽ ഓൺലൈനായി ഒ.പി. ടിക്കറ്റെടുക്കാം. ആശുപത്രിയിലേക്കുള്ള ദൂരവും വഴിയും കൃത്യമായി ആപ്പ് കാണിച്ചുതരും.
    തൊട്ടടുത്തുള്ള ആശുപത്രികളും സേവനങ്ങളും അറിയാൻ എം.ഇ. ഹെൽത്തിന്റെ പ്രധാന (ഹോം) പേജിലെ അടുത്തുള്ള സേവനങ്ങൾ (നിയർ ബൈ സർവീസ്) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഫൈൻഡ് ഇൻസ്റ്റിറ്റിയൂഷൻ ക്ലിക്ക് ചെയ്താൽ 10 കിലോമീറ്റർവരെയുള്ള ആശുപത്രികളും ദൂരവുമറിയാം.
    കാർഡിയോളജി, സർജറി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഡോക്ടർമാർ ഏത് ആശുപത്രിയിലുണ്ടെന്നറിയാൻ 'ഫൈൻഡ് സ്‌പെഷ്യാലിറ്റി'യിൽ ക്ലിക്ക് ചെയ്യണം.
    ആംബുലൻസ്, രക്തബാങ്ക്, ലബോറട്ടറി, പേ വാർഡ്, റേഡിയോളജി എന്നിവ സംബന്ധിച്ച വിവരങ്ങളറിയാൻ 'ഫൈൻഡ് സർവീസസിൽ' ക്ലിക്ക് ചെയ്യണം.
    'ഫൈൻഡ് ജെ.എ.കെ.' എന്ന ഓപ്ഷനിൽ തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ അറിയാനാകും.
    ഫൈൻഡ് ഫാർമസിയിലൂടെ തൊട്ടടുത്തുള്ള ഫാർമസിയും ഫൈൻഡ് ഹോമിയോപ്പതിയിലൂടെ ഹോമിയോക്ലിനിക്കും അറിയാം.
 

Tags