ഗുരുവായൂര്‍ ദേവസ്വം ഗസ്റ്റ് ഹൗസുകളുടെ ഓണ്‍ലൈന്‍ ബുക്കിങ്ങിന് തട്ടിപ്പുസംഘം ; പണം നഷ്ടപ്പെട്ടത്
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈനില്‍ മുറി ബുക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; ഓണ്‍ലൈനില്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായിട്ടുണ്ട്. തട്ടിപ്പിനിരയാകാതെ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഉറപ്പുവരുത്തി മാത്രം ബുക്കിങ് നടത്തുക. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വ്യാജ വെബ്സൈറ്റ് വഴി മുറി ബുക്ക് ചെയ്ത് പണം നഷ്ടപ്പെട്ടെന്ന് പലരുടെയും പരാതിയുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഗുരുവായൂര്‍ ദേവസ്വം പോലീസില്‍ പരാതി നല്‍കി. വിവരം സൈബര്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് ടെമ്പിള്‍ സ്റ്റേഷന്‍ സിഐ ജി. അജയകുമാര്‍ അറിയിച്ചു.
ഗൂഗിള്‍ വഴി 'ഗുരുവായൂര്‍ ദേവസ്വം റൂം ബുക്കിങ്', ഗുരുവായൂര്‍ പാഞ്ചജന്യം ' എന്ന് ടൈപ്പ് ചെയ്താല്‍, പാഞ്ചജന്യത്തിന്റെ ചിത്രത്തോടുകൂടിയുള്ള പേജ് പ്രത്യക്ഷപ്പെടും. ഇത് ഒറിജിനല്‍ ആണെന്ന് വിചാരിച്ച് ബുക്കിങ് ഓപ്ഷന്‍ അടിക്കും. അതോടെ ഒരു വാട്സ്ആപ്പ് നമ്പര്‍ വരും. അതിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും. തീയതി, താമസിക്കാന്‍ എത്രപേര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. ഉടന്‍ തുക അടയ്ക്കണമെന്നുകാണിച്ച് ക്യുആര്‍ കോഡ് വരും. സ്‌കാന്‍ ചെയ്ത് പണമയയ്ക്കാന്‍ അല്പം വൈകിയാല്‍, എത്രയുംവേഗം പണമടച്ച് മുറി ഉറപ്പുവരുത്തണമെന്നും സന്ദേശം വരും. ഗുരുവായൂര്‍ ദേവസ്വത്തില്‍നിന്ന് ഈ രീതിയില്‍ വാട്സ്ആപ്പ് ചാറ്റിലൂടെ മുറി ബുക്ക് ചെയ്യില്ലെന്ന് തിരിച്ചറിവുള്ളവര്‍ അതില്‍നിന്ന് പിന്‍വാങ്ങും. അല്ലാത്തവര്‍ കുടുങ്ങുകയും ചെയ്യും. പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുമുണ്ട്. അവര്‍ 'ബുക്ക്' ചെയ്തതുപ്രകാരം താമസിക്കാനായി വരുമ്പോഴാണ് തട്ടിപ്പ് മനസ്സിലാകുക.
കഴിഞ്ഞ ദിവസം തൃശ്ശൂരിലുള്ള ഒരു ഭക്തയ്ക്കും ഇങ്ങനെയൊരു അനുഭവമുണ്ടായി. വാട്സ്ആപ്പില്‍ വന്ന ക്യുആര്‍ കോഡില്‍ ഗുരുവായൂര്‍ സ്വദേശിയായ പ്രദീപ്കുമാര്‍ എന്നൊരു പേരാണ് തെളിഞ്ഞത്. അതില്‍ കൊടുത്തിട്ടുള്ള ബാങ്കും ഗുരുവായൂരിലേതാണ്. പക്ഷേ, സംശയം തോന്നി അവര്‍ പണമടയ്ക്കാതെ പിന്‍വാങ്ങുകയായിരുന്നു.
പണം നഷ്ടപ്പെട്ടവര്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടറില്‍ പരാതി രജിസ്റ്റര്‍ ചെയ്യണമെന്ന് പോലീസ് അറിയിച്ചു. ഏത് അക്കൗണ്ടിലേക്കാണ് പണം പോയിട്ടുള്ളതെന്ന് ഇതുവഴി അറിയാനാകും. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗസ്റ്റ് ഹൗസുകളില്‍ മുറികള്‍ ബുക്ക് ചെയ്യുന്നതിനോ വഴിപാടുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനോ പ്രത്യേക ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഭക്തജനങ്ങള്‍ വഞ്ചിതരാകരുതെന്നും ചെയര്‍മാന്‍ വി.കെ. വിജയന്‍ അറിയിച്ചു. guruvayurdevaswom.in എന്നതാണ് ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്. ഈ വെബ്സൈറ്റ് തുറന്ന് 'അക്കമഡേഷന്‍' എന്നടിച്ചാല്‍ ദേവസ്വം ഗസ്റ്റ് ഹൗസുകളുടെ പേരുകളും വിവരങ്ങളും ലഭിക്കും.
.jpg)

