ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ; വൈദ്യുതി ബിൽ കുടിശ്ശിക തീർക്കാൻ ഉപഭോക്താക്കൾക്ക് വമ്പിച്ച ഇളവ് പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി

kseb

 തിരുവനന്തപുരം : വൈദ്യുതി ബിൽ കുടിശ്ശിക തീർക്കാൻ ഉപഭോക്താക്കൾക്ക് വമ്പിച്ച ഇളവ് പ്രഖ്യാപിച്ച് വൈദ്യുതി ബോർഡ്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ അനായാസം അടച്ചുതീർക്കാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഒക്ടോബർ 31 വരെയാണ് ഈ അവസരം.

10 വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കിൽ വരുന്ന പലിശ എട്ടു ശതമാനമായി കുറയും. അഞ്ച് മുതൽ 10 വർഷം വരെയുള്ള കുടിശ്ശിക തുകക്ക് 18 ശതമാനത്തിനു പകരം ഏഴു ശതമാനം പലിശ നൽകിയാൽ മതിയാകും. രണ്ടു മുതൽ അഞ്ചു വർഷം വരെയുള്ള കുടിശ്ശിക തുകക്ക് 18 ശതമാനത്തിനു പകരം ആറു ശതമാനം മാത്രമായിരിക്കും പലിശ. പലിശ തുക ആറു മാസത്തെ തുല്യഗഡുക്കളായി അടക്കാനും അവസരമുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

കുടിശ്ശികയായ വൈദ്യുതി ബിൽ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേർത്ത് ഒറ്റത്തവണയായി അടച്ചുതീർക്കുന്നവർക്ക് ബിൽ കുടിശ്ശികയിൽ (Principal Amount) അഞ്ചു ശതമാനം അധിക ഇളവും ലഭിക്കും. റവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും കേബിൾ ടിവി ഉടമകളുടെ വൈദ്യുതി പോസ്റ്റ് വാടക കുടിശ്ശികയും നിബന്ധനകൾക്ക് വിധേയമായി ഈ പദ്ധതിയിലൂടെ തീർപ്പാക്കാൻ കഴിയും.

ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് അതത് സെക്ഷൻ ഓഫിസിലും ഹൈ ടെൻഷൻ ഉപഭോക്താക്കൾക്ക് സ്പെഷ്യൽ ഓഫിസർ റവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുകയെന്നും കെ.എസ്.ഇ.ബി അറിയിച്ചു. https://ots.kseb.in എന്ന പ്രത്യേക വെബ്പോർട്ടൽ വഴി കുടിശ്ശികയുടെ വിശദാംശങ്ങൾ അറിയാനും പണമടക്കാനും അവസരമൊരുക്കിയിട്ടുണ്ട്.

അതേസമയം, ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി ചോദ്യംചെയ്ത് സമൂഹമാധ്യമങ്ങളിൽ വിമർശവും ഉയർന്നു. ‘വീട്ടിൽ ഒരു മാസം ബില്ല് അടക്കാൻ വൈകിയാൽ കറണ്ട് കട്ട് ചെയ്യും. പിന്നെ എവിടെയാണ് കുടിശ്ശിക വരുന്നത്. ഓരോ വർഷം ഡിപ്പോസിറ്റ് വേറെയും അടക്കുന്നുണ്ട്.’ -എന്നാണ് ഒരു കമന്റ്.

‘കുടിശ്ശികയോ... കെ.എസ്.ഇ.ബിക്ക് ഉപഭോക്താവ് കുടിശ്ശിക വെക്കുകയോ? അതും അഞ്ച് വർഷം 10 വർഷം?? ബിൽ അടക്കേണ്ട അവസാന ദിവസത്തിന്റെ പിറ്റേന്ന് ഫ്യൂസ് ഊരുന്ന കെ.എസ്.ഇ.ബിക്ക് നാണമില്ലേ, ഇതുപോലുള്ള പോസ്റ്റുകൾ ഇടാൻ’ -എന്ന് വേറൊരാൾ ചോദിക്കുന്നു. 

Tags