ലക്‌ഷ്യം ഓണക്കാല വിൽപ്പന; വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1,350 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

Onam sales targeted; 1,350 liters of spirit used to make fake liquor seized; two arrested

കൊച്ചി: വ്യാജമദ്യം നിർമിക്കാൻ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 1,350 ലിറ്റർ സ്പിരിറ്റ് എക്സൈസ് വകുപ്പ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ അങ്കമാലിയിലെ കോട്ടക്കുളങ്ങരയിലെ ഹോളോബ്രിക്സ് നിർമാണ യൂണിറ്റിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. സന്തോഷ്, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന നടത്തുകയായിരുന്നു. കർണാടകയിലെ ഹുബ്ബള്ളിയിൽ നിന്ന് രണ്ട് വാഹനങ്ങളിലായി കടത്തിക്കൊണ്ടുവന്ന സ്പിരിറ്റ് യൂണിറ്റിനോട് ചേർന്ന ഗോഡൗണിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. 39 കാനുകളിലായി സൂക്ഷിച്ചിരുന്ന 1,350 ലിറ്റർ സ്പിരിറ്റും, വ്യാജമദ്യം നിറയ്ക്കാൻ ഉപയോഗിക്കാനിരുന്ന കാലികുപ്പികളും സ്പിരിറ്റ് കലർത്താൻ ഉപയോഗിച്ചിരുന്ന അളവുപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

പ്രാഥമിക അന്വേഷണത്തിൽ ഓണക്കാല വിൽപ്പന ലക്ഷ്യമിട്ട് വ്യാജ ഇന്ത്യൻ നിർമിത വിദേശമദ്യം തയ്യാറാക്കാനാണ് സ്പിരിറ്റ് എത്തിച്ചതെന്ന് കണ്ടെത്തിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സതീഷ് പറഞ്ഞു. ഈ സ്പിരിറ്റ് വിതരണം ചെയ്തതായി സംശയിക്കുന്ന പറവൂർ സ്വദേശികളായ രാജേഷ്, പ്രദീപ് എന്നിവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags