ഓണാഘോഷം: കലാപ്രകടനങ്ങള്‍ക്ക് ജൂലൈ 21 മുതല്‍ 31 വരെ പേര് രജിസ്റ്റര്‍ ചെയ്യാം

Onam Celebrations: Registration for art performances is open from July 21 to 31
Onam Celebrations: Registration for art performances is open from July 21 to 31


തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനതലത്തിലും ജില്ലകളിലെ വിവിധ വേദികളിലും പരിപാടി അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്‍മാര്‍ക്ക് ജൂലൈ 21 മുതല്‍ 31 വരെ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

tRootC1469263">

സെപ്റ്റംബര്‍ 3 മുതല്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സംസ്ഥാനതല ഓണാഘോഷത്തെ സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല മുന്നൊരുക്ക യോഗം നടന്നത്.

സംസ്ഥാനതല പരിപാടികള്‍ അവതരിപ്പിക്കുന്നതിന് ജൂലൈ  31  വൈകിട്ട് 5 മണിവരെ ടൂറിസം ഡയറക്ടറേറ്റിലും വിവിധ ജില്ലാ വേദികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്‍മാര്‍ക്ക്  അതത് ഡിടിപിസികളിലും പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് മന്ത്രി പറഞ്ഞു.

എല്ലാത്തവണയും ഉള്ളത് പോലെ ഓണാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തലസ്ഥാന നഗരിയില്‍ നടക്കും. സെപ്റ്റംബര്‍ 9 ന് വര്‍ണ്ണാഭമായ ഘോഷയാത്രയോടെ സമാപിക്കും. നഗരത്തിലെ കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കുകയും ഈ പ്രദേശം ദീപങ്ങളാല്‍ അലങ്കരിക്കുകയും ചെയ്യും.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ അനുകുമാരി, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, റൂറല്‍ എസ് പി, കെഎസ് സുദര്‍ശന്‍, പോലീസിലെയും ടൂറിസം വകുപ്പിലെയും ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഈ മെഗാ പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി മുഖ്യ രക്ഷാധികാരി മുഖ്യമന്ത്രിയാണ്. ടൂറിസം മന്ത്രി ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രി വര്‍ക്കിംഗ് ചെയര്‍മാനുമാണ്.

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി ജി ആര്‍ അനില്‍, ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാന്‍, തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷ്, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ എ റഹീം, ഡോ. ജോണ്‍ ബ്രിട്ടാസ്, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, ആന്‍റണി രാജു എന്നവര്‍ പരിപാടിയുടെ രക്ഷാധികാരികളാണ്.

ഓണാഘോഷങ്ങളുടെ പ്രശസ്തിയും ഗൗരവവും പരിഗണിച്ച് മുന്‍കാലങ്ങളില്‍ എന്നപോലെ ഈ വര്‍ഷവും നിലവാരമുള്ള മികച്ച കലാപരിപാടികള്‍ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ഓണാഘോഷ പരിപാടികളുടെ ഏറ്റവും ആകര്‍ഷണീയമായ ഘോഷയാത്ര, വ്യത്യസ്തതയോടെ വര്‍ണ്ണാഭമായി സംഘടിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് മന്ത്രി ജി ആര്‍ അനില്‍ അഭ്യര്‍ത്ഥിച്ചു.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ജൂലൈ 28 ന് മുമ്പായി വിവിധ കമ്മിറ്റികളും ഉപസമിതികളും രൂപീകരിക്കുമെന്ന് മന്ത്രി റിയാസ് വ്യക്തമാക്കി.

മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി സുരേഷ് കുമാര്‍ എന്നിവര്‍ സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരാണ്. ടൂറിസം സെക്രട്ടറി ചീഫ് കോര്‍ഡിനേറ്ററും ടൂറിസം ഡയറക്ടര്‍ കണ്‍വീനറുമായിരിക്കും.

ഓണത്തോടനുബന്ധിച്ച് വര്‍ഷങ്ങളായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംസ്ഥാനത്തെ ഏറ്റവും സ്വീകാര്യതയാര്‍ന്ന സാംസ്കാരിക മഹോത്സവമായി മാറിയിട്ടുണ്ട്. തലസ്ഥാനത്തും സംസ്ഥാനത്തുടനീളമുള്ള നിരവധി കേന്ദ്രങ്ങളിലും ആഘോഷങ്ങള്‍ കാണുന്നതിന് തദ്ദേശീയര്‍ക്കൊപ്പം അനേകം വിനോദസഞ്ചാരികളും എത്തിച്ചേരുന്നു.
 

Tags