സർവകലാശാലകൾ വിവിധ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള മൂല്യവത്തായ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കണം : ഗവർണർ ഓംപ്രകാശ് മാഥൂർ
തിരുവനന്തപുരം : സർവകലാശാലകൾ വിവിധ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള മൂല്യവത്തായ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. നൂതനാശയങ്ങളെയും സംരംഭകത്വത്തെയും വളർത്തുന്നതിനൊപ്പം വ്യവസായമേഖലയും പൊതുസമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും വേണമെന്ന് ഗവർണർ വ്യക്തമാക്കി.
സെനറ്റ് ഹാളിൽ നടന്ന കേരള സർവകലാശാലയുടെ ഓണററി ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി, ഒളിമ്പ്യനും ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ പി.ആർ. ശ്രീജേഷ് എന്നിവർക്ക് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് ഓണററി ബിരുദങ്ങൾ ഗവർണർ സമ്മാനിച്ചു.
ബഹിരാകാശ ശാസ്ത്രജ്ഞനും ഐ.എസ്.ആർ.ഒ മുൻ ചെയർമാനുമായ ഡോ. കെ. രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് ഓണററി ബിരുദവും നടൻ മധുവിന് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് ഓണററി ബിരുദവും പ്രഖ്യാപിച്ചു. മധു, ഡോ. കെ. രാധാകൃഷ്ണൻ എന്നിവർക്ക് ചടങ്ങിനെത്താനായില്ല. മധുവിന് വൈകീട്ട് വസതിയിലെത്തി ബിരുദം കൈമാറി. ഡോ. കെ. രാധാകൃഷ്ണൻ പിന്നീട് ലോക്ഭവനിലെത്തി ബിരുദം ഏറ്റുവാങ്ങും. മന്ത്രി റോജി എം. ജോൺ, സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർ ആർ. രശ്മി തുടങ്ങിയവർ പങ്കെടുത്തു.
.jpg)


