എറണാകുളത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അനുമതി
തിരുവനന്തപുരം: കൊച്ചിയുടെ ചിരകാലാഭിലാഷമായ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചു. ബി.സി.ഐയുടെ സഹകരണത്തോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിൽ 10.1312 ഹെക്ടർ ഭൂമി തരംമാറ്റിക്കൊണ്ട് കൃഷി വകുപ്പാണ് ഉത്തരവിറക്കിയത്. കേരള സ്‌പോർട്‌സ് നയം 2023, കേരള സ്‌പോർട്‌സ് ആക്ട് 2025, കേരള സ്‌പോർട്‌സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സ്‌കീം 2025 എന്നിവയുടെ അടിസ്ഥാനത്തിൽ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പ്രഖ്യാപിച്ചാണ് ഈ നിർണായക നടപടി.
പതിനൊന്ന് വർഷങ്ങൾക്ക് ശേഷം കൊച്ചി വീണ്ടുമൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകാൻ വഴിയൊരുങ്ങുന്ന ഈ പദ്ധതിക്ക് 450 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന സ്റ്റേഡിയത്തിന് പുറമെ ഇൻഡോർ സ്റ്റേഡിയം, പരിശീലന ഗ്രൗണ്ട്, സ്‌പോർട്‌സ് അക്കാദമി, കായിക ഗവേഷണ കേന്ദ്രം, സ്‌പോർട്‌സ് മെഡിസിൻ സെന്റർ, ക്ലബ് ഹൗസ്, ഹോട്ടൽ എന്നിവ ഉൾപ്പെടുന്ന അത്യാധുനിക ‘സ്‌പോർട്‌സ് സിറ്റി’യാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) വിഭാവനം ചെയ്തിരിക്കുന്നത്. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് സുസ്ഥിരമായ രീതിയിലായിരിക്കും നിർമ്മാണം.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ കായിക ടൂറിസവും സമ്പദ്‌വ്യവസ്ഥയും പുതിയ ഉയരങ്ങളിലെത്തുമെന്ന് കെ.സി.എ നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും വിവിധ വകുപ്പ് മന്ത്രിമാരുടെയും കൃത്യമായ ഇടപെടലുകളും ബി.സി.സി.ഐയുടെ പൂർണ്ണ പിന്തുണയുമാണ് പദ്ധതിക്ക് വേഗത്തിൽ അനുമതി ലഭിക്കാൻ കാരണമായത്. കായിക ലോകം ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന ഈ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
.jpg)

