വേങ്ങരയില്‍ ഒഡിഷ സ്വദേശി ടെറസിനു മുകളില്‍ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ
സ്വകാര്യകെട്ടിടത്തിന്റെ ടെറസിനു മുകളില്‍ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വേങ്ങര: ഒഡിഷ സ്വദേശിയെ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി.ഒഡിഷ കൊരാപുത്ത്, കോട്ടപാട സ്വദേശി ഇന്ദർ ബദ്ര(48)യാണ് മരിച്ചത്. ഇയാള്‍ താമസിക്കുന്ന സ്വകാര്യകെട്ടിടത്തിന്റെ ടെറസിനു മുകളില്‍ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ഒഡിഷ ബദ്ര ഹദിയ സ്വദേശി പദ്ലം ഗദാബ(36)യെ അറസ്റ്റുചെയ്തു.
തിങ്കളാഴ്ച രാത്രി പ്രതി ഇന്ദർ ബദ്രയുമായി വഴക്കുണ്ടാക്കി. പ്രതി പുലർച്ചെ കൂടെ മുറിയിലുണ്ടായിരുന്നവരെ വിളിച്ച് താൻ ഇന്ദർ ബദ്രയെ കൊലപ്പെടുത്തിയതായി അറിയിച്ചു.ഇതേത്തുടർന്ന് മറ്റുള്ളവർ ഇന്ദർ ബദ്ര സാധാരണ കിടന്നുറങ്ങാറുള്ള സ്ഥലത്ത് പോയിനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. ഉടനെ കൂട്ടുകാർ പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് വേങ്ങര പോലീസ് മൊബൈല്‍ ലൊക്കേഷൻ നോക്കി വേങ്ങര അങ്ങാടിയില്‍നിന്നാണ് ബസില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ പിടികൂടിയത്.
കൊലപാതകത്തിനുപയോഗിച്ച ചുറ്റിക പോലീസ് കണ്ടെടുത്തു. ഫൊറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. വേങ്ങര എസ്.എച്ച്.ഒ. പ്രജീഷ്, എസ്.ഐ. രഞ്ജിത്ത്, എസ്.എച്ച്.ഒ.മാരായ ഗണേശൻ, ലിബിൻ എന്നിവർ അന്വേഷണത്തിന് നേതൃത്വംനല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധന നടത്തി ഒഡിഷയിലേക്ക് കൊണ്ടുപോയി. ഭാര്യ: ലളിത ബത്ര. മക്കള്‍: പുഷ്പ, സംവിത.
.jpg)


