ഓച്ചിറ കാളകെട്ട് ഉത്സവം ; മൂന്ന് താലൂക്കുകൾക്ക് ഇന്ന് പ്രാദേശിക അവധി

Ochira Kalakettu Festival: Local holiday for three taluks today.

 കൊല്ലം: ചരിത്രപ്രസിദ്ധമായ ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് മൂന്ന് താലൂക്കുകൾക്ക് ഇന്ന് (സെപ്റ്റംബർ 23) പ്രാദേശിക അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകൾക്കാണ് അവധി ബാധകമാക്കിയിരിക്കുന്നത്. മന്ത്രി എം. ലിജുവിന്റെ ഇടപെടലിനെ തുടർന്നാണ് മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചത്. ആഘോഷങ്ങളുടെ ഭാഗമായുള്ള കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും സുഗമമാക്കുന്നതിനായി കൃഷ്ണപുരത്തെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി യു.ജി. കേബിളുകൾ സ്ഥാപിക്കുന്ന ജോലികളും അന്തിമഘട്ടത്തിലാണ്.

 കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് ദേശീയപാത 66-ൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങളും കെ.എസ്.ആർ.ടി.സി. ബസുകളും കായംകുളം കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കെ.പി. റോഡ് വഴി ചാരുംമൂട്-ചക്കുവള്ളി-ഭരണിക്കാവ്-ശാസ്താംകോട്ട-കെ.എം.എം.എൽ. വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ്.

കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കർ കടവ് പാലം വഴി തീരദേശ റോഡിലൂടെ അഴീക്കൽ എത്തി, വലിയ അഴീക്കൽ പാലം വഴി കായംകുളം-ആലപ്പുഴ ഭാഗത്തേക്ക് യാത്ര ചെയ്യണം. തിരുവനന്തപുരത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങളും കണ്ടെയ്‌നറുകളും ആശ്രാമം ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതും, ഗതാഗത നിയന്ത്രണം അവസാനിക്കുന്ന മുറയ്ക്ക് യാത്ര തുടരേണ്ടതുമാണ്. യാത്രക്കാർ പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.

Tags