ഗജരാജൻ ഗുരുവായൂർ കേശവന് പ്രണാമം; ഭക്തിനിർഭരമായി ഗജഘോഷയാത്രയും സ്മരണാഞ്ജലിയും
ഗുരുവായൂർ: അരനൂറ്റാണ്ടിലധികം ശ്രീഗുരുവായൂരപ്പന്റെ തിടമ്പേറ്റാൻ ഭാഗ്യം ലഭിക്കുകയും, 1976-ലെ ഗുരുവായൂർ ഏകാദശി ദിവസം ഭഗവാനിൽ വിലയം പ്രാപിക്കുകയും ചെയ്ത ഗജരാജൻ ഗുരുവായൂർ കേശവന് ഗജവൃന്ദവും ഭക്തജനങ്ങളും സ്മരണാഞ്ജലി അർപ്പിച്ചു.
രാവിലെ തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തിൽ നിന്ന് നാദസ്വരത്തിന്റെ അകമ്പടിയോടെയാണ് ഗജഘോഷയാത്ര ആരംഭിച്ചത്. ദേവസ്വം ആനത്തറവാട്ടിലെ തലയെടുപ്പുള്ള കൊമ്പൻ ഇന്ദ്രസെൻ കേശവന്റെ ഛായാചിത്രമുള്ള കോലമേന്തി മുന്നിൽ നീങ്ങി. കൊമ്പൻ ബൽറാം ഗുരുവായൂരപ്പന്റെയും, ചെന്താമരാക്ഷൻ മഹാലക്ഷ്മിയുടെയും ഛായാചിത്രമുള്ള കോലങ്ങൾ വഹിച്ചു. ഇവർക്കൊപ്പം ദേവസ്വത്തിലെ മറ്റ് ഗജവീരന്മാരും ഘോഷയാത്രയിൽ അണിനിരന്നു.
ഗജഘോഷയാത്രയ്ക്ക് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. തുടർന്ന് ഗുരുവായൂരപ്പന് മുന്നിലെത്തിയ ഗജവീരന്മാർ ഭഗവാനെ തുമ്പിക്കൈ ഉയർത്തി വണങ്ങി. ക്ഷേത്രവും രുദ്രതീർത്ഥക്കുളവും പ്രദക്ഷിണം വെച്ച ശേഷം ഘോഷയാത്ര ശ്രീവത്സം ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലെ കേശവപ്രതിമയ്ക്ക് മുന്നിലെത്തിച്ചേർന്നു.
തുടർന്ന് കൊമ്പൻ ഇന്ദ്രസെനും ഒപ്പം അണിചേർന്ന ഗജവീരന്മാരും തങ്ങളുടെ കാരണവരുടെ പ്രതിമയ്ക്ക് മുന്നിൽ തുമ്പിക്കൈ ഉയർത്തി പ്രണാമം അർപ്പിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ദേവസ്വം ഉദ്യോഗസ്ഥർ, ജീവനക്കാർ, നൂറുകണക്കിന് ഭക്തജനങ്ങൾ എന്നിവർ കേശവപ്രതിമയിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു.
.jpg)

