പാലക്കാട് ജലചൂഷണത്തിന് പിന്നിൽ വൻ അഴിമതിയെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല :ഒയാസിസ് കമ്പിനിയുമായി ചർച്ച നടത്തിയോയെന്ന് മന്ത്രി വ്യക്തമാക്കണം


കണ്ണൂർ : ഒയാസിസ് കമ്പനിയുമായി മന്ത്രി എം.ബി രാജേഷ് ഡിസ്റ്റ്ലറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറോളം കമ്പിനികൾക്ക് ആരുമറിയാതെ ഡിസ്റ്റലറി തുടങ്ങാൻ അനുമതി നൽകിയതിൽ വൻ അഴിമതിയുണ്ട്.എലപ്പുള്ളിയിൽ പഞ്ചായത്ത് അധികൃതർ ഈ കാര്യം അറിഞ്ഞിട്ടില്ല. അവിടുത്തെ എം.പി യും എം.എൽ.എ യും അറിഞ്ഞിട്ടില്ല.
ഭൂമി വിണ്ടുകീറി കുടിവെള്ളം കിട്ടാത്ത പ്രദേശത്താണ് ബ്രുവറി തുടങ്ങുന്നത്. മദ്യമോ വേണ്ടത് കുടിവെള്ളമാണോ വേണ്ടതെന്ന ചോദ്യമാണ് ഇവിടെ നിന്നുംഉയരുന്നത്. ഈ പദ്ധതികൾ ജനങ്ങളുടെ താൽപര്യത്തിനെതിരാണ്. ഇതിനെതിരെ സി.പി.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കിയിട്ടുണ്ട് പ്ളാച്ചിമടയിൽ കോളയ്ക്കെതിരെ സമരം നടത്തിയത് സി.പി.ഐയാണ് അവർ കുടിവെള്ള ചുഷണത്തിനെതിരെ രംഗത്തു വരുമെന്നാണ് കരുതുന്നത്. ബ്രൂവറി ഇടപാടിൽ അഴിമതിയുണ്ട്. മുൻഡി. വൈ. എഫ്. ഐ നേതാവായ മന്ത്രി എം.ബി രാജേഷ് ഇതിനൊക്കെ കൂട്ടുനിൽക്കാൻ പാടില്ലായിരുന്നു.മന്ത്രിക്ക് എന്തോപ്രത്യേക താൽപര്യം ഇതിലുണ്ട്. 2018ൽ ഒഴിവാക്കിയ ഒയാസിസ് കമ്പിനിയെ വീണ്ടും ക്ഷണിച്ചു വരുത്തിയത് ടെൻഡർ വിളിക്കാതെയാണ്.
സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റലറസിന് ഒരു ലക്ഷം ലിറ്റർ വെള്ളം അനുവദിക്കാത്തവരാണ് അഞ്ച് ലക്ഷം ലിറ്റർ വെള്ളമെടുക്കാൻ സ്വകാര്യ ഡിസ്റ്റലറിക്ക് അനുമതി നൽകിയത്. മഴനിഴൽ പ്രദേശമായ ഇവിടെ ജനങ്ങൾക്ക് കുടിക്കാൻ പോലും വെള്ളം കിട്ടുന്നില്ല. മലമ്പുഴ ഡാമിൽ നിന്നും ഡിസ്റ്റലറിക്ക് ആവശ്യമായ വെള്ളമെടുക്കുമെന്നാണ് പറയുന്നത്. ഇതു നടക്കാൻ പോകുന്നില്ല. കാർഷിക ഇതര ആവശ്യങ്ങൾക്കായി ഡാമിൽ നിന്നും വെള്ളമെടുക്കരുതെന്ന് കോടതി വിധിയുണ്ടന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കമ്യുണിസ്റ്റ് വിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നത്. പ്ളാച്ചിമടയിൽ ജലചൂഷണത്തിനെതിരെ സമരം നടത്തിയ വി..എസ് അച്ചുതാനന്ദനെ ഈ സമയം ഓർത്തു പോവുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പിണറായി ഇത്തരം കമ്പി നികളുടെ കൂടെയായിരുന്നു. അദ്ദേഹം
സമരങ്ങളിലുണ്ടായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
