എൻ എസ് എസിന് മുസ്‌ലിം സമുദായത്തോട് കുറച്ചുകൂടി കൂടുതൽ ഇഷ്ടമുണ്ട്; പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തിയ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെ സ്വീകരിച്ച് സുകുമാരൻ നായർ

NSS has a little more love for the Muslim community; Sukumaran Nair receives General Education Minister N. Shamsuddin at the NSS headquarters in Perunna

പെരുന്ന:  എൻഎസ്എസ് ആസ്ഥാനത്തെത്തിയ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെ സ്വീകരിച്ച് സുകുമാരൻ നായർ. മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള എൻ. ഷംസുദ്ദീന്റെ ആദ്യ പെരുന്ന സന്ദർശനം തികച്ചും സൗഹൃദപരമായിരുന്നുവെന്ന് ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി.എല്ലാ മതങ്ങളോടും ഒരേ സമീപനമാണ് എൻഎസ്എസിനുള്ളതെന്നും എന്നാൽ മുസ്‌ലിം സമുദായത്തോട് കുറച്ചുകൂടി കൂടുതൽ ഇഷ്ടമുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ജി. സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചു.
മന്ത്രിയുടെ സന്ദർശനം വലിയ സന്തോഷമാണ് നൽകുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. 

"മുസ്‌ലിം സമുദായവുമായും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനവുമായും ഒരിക്കലും അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കാൻ എൻഎസ്എസ് ശ്രമിച്ചിട്ടില്ല. ഭാവിയിലും അത്തരം ഭിന്നതകൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. എല്ലാ മതങ്ങളോടും തുല്യമായ സമീപനമാണ് ഞങ്ങൾക്കുള്ളത്. എന്നാൽ കുറച്ചു കൂടുതൽ ഇഷ്ടം ഇവരോടുണ്ട് എന്നേയുള്ളൂ," സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിലനിൽക്കുന്ന സൗഹാർദ്ദപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കുമെന്ന സന്ദേശമാണ് ഈ കൂടിക്കാഴ്ച നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കോട്ടയത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ അദാലത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി പെരുന്നയിലെത്തി സുകുമാരൻ നായരെ കണ്ടത്. മന്ത്രിയായി ചുമതലയേറ്റെടുത്തപ്പോൾ തന്നെ സുകുമാരൻ നായരെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നുവെന്നും, കോട്ടയത്ത് എത്തുമ്പോൾ നേരിൽ കാണാമെന്ന് ഉറപ്പുനൽകിയിരുന്നുവെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.

"നാട്ടിൽ മികച്ചൊരു സൗഹൃദ അന്തരീക്ഷം നിലനിൽക്കണം. ആ കാര്യത്തിൽ നമ്മളെല്ലാം ഒന്നിച്ചുനിൽക്കുന്നവരാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് എൻഎസ്എസ് നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണ്. നൂറുകണക്കിന് സ്കൂളുകളും ഉന്നത കലാലയങ്ങളും വളരെ ചിട്ടയോടും മികവോടും കൂടി നടത്തുന്ന പ്രസ്ഥാനമാണത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയിൽ വലിയ വിശ്വാസ്യതയും പാരമ്പര്യവുമുള്ള സംഘടനകളുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും വകുപ്പിനെ മുന്നോട്ട് നയിക്കാൻ അത്യന്താപേക്ഷിതമാണ്," മന്ത്രി വിശദീകരിച്ചു.

Tags