'ഒന്നും ഒളിക്കാനുമില്ല, ആരെയും ഭയക്കാനുമില്ല' ;വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് P P ദിവ്യ
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കുമെന്നും പി പി ദിവ്യ കൂട്ടിച്ചേർത്തു
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ. ഒന്നും ഒളിക്കാനുമില്ല, ആരെയും ഭയക്കാനുമില്ലെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരണം.ഏത് അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കും.
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കുമെന്നും പി പി ദിവ്യ കൂട്ടിച്ചേർത്തു.തന്റെ പേരിലോ ഭര്‍ത്താവിന്റെ പേരിലോ ബിനാമിയായോ മറ്റാരുടെയെങ്കിലും പേരിലോ അനധികൃത സ്വത്തുക്കളുണ്ടെങ്കില്‍ കണ്ടെത്തട്ടെ. അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാല്‍ മുഹമ്മദ് ഷമ്മാസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്കാന് പോലും തയ്യാറാണ്.
അത്രത്തോളം ആത്മവിശ്വാസമുണ്ടെന്നും പി പി ദിവ്യ പറഞ്ഞു.എന്റെ ഭര്‍ത്താവിന്റെ പേരിലുള്ളത് അഞ്ച് സെന്റ് സ്ഥലവും 1236 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വീടുമാണ്. അഞ്ച് ലക്ഷം രൂപ പോലും വില ലഭിക്കാത്ത 50 സെന്റ് ഭൂമി ബാങ്ക് വായ്പയെടുത്താണ് വാങ്ങിയത്. വീട്ടില്‍ ഒരു ഇരുചക്രവാഹനവും ഒരു കാറുമുണ്ട്.
ഇതല്ലാതെ അനധികൃത സമ്പാദ്യങ്ങളൊന്നും ഞങ്ങള്‍ക്കില്ല.ഇതൊന്നും മറച്ചുവെച്ചുള്ള പ്രസ്താവനയല്ല. നേരത്തേയും ഒരു അന്വേഷണം നടന്നതാണ്. ഇപ്പോള്‍ വിജിലന്‍സ് വീണ്ടും വരുന്നു. വരട്ടെ, സന്തോഷം! സത്യസന്ധതയുണ്ടെങ്കില്‍ അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ലല്ലോ പി പി ദിവ്യ കൂട്ടിച്ചേർത്തു.
പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്കി എന്ന പരാതിയില്‍ കെഎസ്യു ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ് നല്കിയ പരാതിയിലാണ് അന്വേഷണം.
.jpg)


