പ്രവാസികൾക്കായി നോർക്ക പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പദ്ധതി 2026 മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം
പ്രവാസി സംരംഭകർക്ക് കേരളത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി മൂന്ന് കോടി രൂപ വരെ സർക്കാർ ധനസഹായം ലഭ്യമാക്കുന്ന നോർക്ക പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം 2026 പ്രഖ്യാപിച്ചു. പ്രവാസികൾക്കും പ്രവാസി കൂട്ടായ്മകൾക്കും കേരളത്തിൽ സ്വന്തമായി വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിനാണ് പദ്ധതി. സ്വന്തമായി ഭൂമിയുള്ളവരോ അല്ലെങ്കിൽ 30 വർഷത്തെ പാട്ടക്കരാറുള്ള മടങ്ങിയെത്തിയ പ്രവാസികൾ, അവരുടെ കുടുംബാംഗങ്ങൾ (ഭാര്യ/ഭർത്താവ്, മകൻ, മകൾ), പ്രവാസികൾ പ്രധാന ഓഹരി ഉടമകളായുള്ള കമ്പനികൾ, സഹകരണ സംഘങ്ങൾ, ചാരിറ്റബിൾ സൊസൈറ്റികൾ, രജിസ്റ്റർ ചെയ്ത പാർട്ണർഷിപ്പ് ഫേമുകൾ, MSME കൺസോർഷ്യങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. പാർക്കുകളിൽ റോഡ്, വൈദ്യുതി, ജലവിതരണം, ഡ്രൈനേജ്, ETP ((Effluent Treatment Plant)/CETP (Common Effluent Treatment Plant), പൊതു സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിന് മൂന്നു കോടി രൂപ വരെ വ്യവസായ വകുപ്പ് റീഇംബേഴ്സ്മെന്റ് രൂപത്തിൽ ധനസഹായത്തിനും അർഹതയുണ്ട്.
മൂന്ന് ഏക്കർ മുതൽ ഏഴ് ഏക്കർ വരെ ഭൂമിയുള്ളവരെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി വിഭാഗത്തിലും (കുറഞ്ഞത് 10,000 ചതുരശ്ര അടി വിസ്തീർണ്ണവും, ഓരോന്നും കുറഞ്ഞത് 1,000 ചതുരശ്ര അടി വീതമുള്ള കുറഞ്ഞത് അഞ്ച് യൂണിറ്റുകളും അടങ്ങിയ ബഹുനില കെട്ടിട സമുച്ചയം). ഏഴ് ഏക്കർ മുതൽ 15 ഏക്കർ വരെ ഭൂമിയുള്ളവരെ വ്യവസായ പാർക്ക് ഗണത്തിലുമാണ് പരിഗണിക്കുക. പദ്ധതിയുടെ വിശദമായ വ്യവസ്ഥകൾക്കും അപേക്ഷ നടപടികൾക്കും ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. വ്യവസായ-വാണിജ്യ ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രങ്ങളുമാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല നിർവഹിക്കുന്നത്. അനുമതി ലഭിക്കുന്ന പാർക്കുകൾക്ക് 'സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ്' സംവിധാനവും കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ പ്രത്യേക ഇളവുകളും ലഭ്യമാകും. കേരളത്തിന്റെ വ്യവസായിക വളർച്ചയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
.jpg)

