മദ്യലഹരിയിൽ നോബി ഷൈനിയെ വിളിച്ചു,ആത്മഹത്യയിലേക്ക് നയിച്ചത് ആ സംഭാഷണം


കോട്ടയം: ഏറ്റുമാനൂരില്‍ ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാതെ പോലീസ്. ഷൈനിയുടെ വീട്ടിലും റെയില്‍വേ ട്രാക്കിലും പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്. നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കേസില്‍ നിര്‍ണായക തെളിവാണ് ഈ ഫോണ്‍. ഷൈനി മരിക്കുന്നതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോണ്‍ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. മദ്യലഹരിയില്‍ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
വിവാഹ മോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനച്ചെലവ് നല്‍കില്ലെന്നും പറഞ്ഞു. നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കായി എടുത്ത വായ്പയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം പോലീസിന്റെ ചോദ്യം ചെയ്യലില്‍ നോബി സമ്മതിച്ചിട്ടുണ്ട്.

അതേസമയം ഷൈനിയുടെ പിതാവ് കുര്യാക്കോസിന്റേയും മാതാവ് മോളിയുടേയും മൊഴി പോലീസ് വീണ്ടുമെടുക്കും. സ്വന്തം വീട്ടില്‍ നിന്ന് ഷൈനി മാനസിക സമ്മര്‍ദം അനുഭവിച്ചിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.