അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയില്ല; പുറത്തുനിന്ന് വൈദ്യുതി വാങ്ങില്ലെന്ന് കെ.എസ്.ഇ.ബി

No power crisis for the next two months; KSEB says it will not purchase power from outside

 തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് മാസത്തേക്ക് പുറത്തുനിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി (KSEB) മുഖ്യമന്ത്രിയെ അറിയിച്ചു. കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്തും ഊർജ്ജ സെക്രട്ടറിയും ചേർന്ന് മുഖ്യമന്ത്രിയെ കണ്ട് സംസ്ഥാനത്തെ നിലവിലെ വൈദ്യുതി സ്ഥിതിവിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു.വൈദ്യുതി ക്ഷാമം ഇല്ലാത്തതിനാൽ ജി.എൻ.എ (GNA) പ്ലാറ്റ്‌ഫോം വഴി വൈദ്യുതി വാങ്ങാനുള്ള നീക്കം തൽക്കാലം ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും ക്ഷാമം പരിഹരിക്കാൻ ഹിമാചൽ പ്രദേശിൽ നിന്ന് 14.50 പൈസ നിരക്കിൽ അടിയന്തരമായി ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങണമെന്നും മുൻ കെ.എസ്.ഇ.ബി ചെയർമാൻ രാജമാണിക്യം നിർദ്ദേശിച്ചിരുന്നു. ഇതിനായി ടെൻഡർ നടപടികളോ റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയോ കൂടാതെ 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

എന്നാൽ നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് പുതിയ ചെയർമാൻ എൻ. പ്രശാന്തും ഊർജ്ജ സെക്രട്ടറിയും വ്യക്തമാക്കിയതോടെ, മുൻ ചെയർമാൻ രാജമാണിക്യം നൽകിയ റിപ്പോർട്ടിന്റെ പശ്ചാത്തലം പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. പ്രതിസന്ധിയില്ലാത്ത സാഹചര്യത്തിൽ ഏത് സാഹചര്യത്തിലാണ് ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ അടിയന്തര സമ്മർദ്ദം ചെലുത്തിയതെന്ന് അന്വേഷിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags