നിതിന്‍ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. റാം പൊലീസ് പിടിയില്‍

D

അധ്യാപകരില്‍ നിന്നുണ്ടായ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തിലെ മുഖ്യപ്രതി ഡോ. എം കെ റാം പൊലീസ് പിടിയില്‍. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

പ്രതിയെ കണ്ണൂരില്‍ എത്തിച്ചു. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.തിരുവനന്തപുരം ആര്യനാട് സ്വദേശിയായിരുന്ന നിതിന്‍ രാജ് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു ജീവനൊടുക്കിയത്. അധ്യാപകരില്‍ നിന്നുണ്ടായ ജാതി അധിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.

സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് രണ്ട് നീതിയാണ്. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ എഡിജിപി എച്ച് വെങ്കിടേഷിനെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിയെ പിടിക്കാത്തതില്‍ ഉത്തരവാദി എഡിജിപി എച്ച് വെങ്കിടേഷാണെന്ന് ഹൈക്കോടതി പറഞ്ഞു. പരാതി വന്നാല്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയത്. കേസിലെ രണ്ടാം പ്രതിയായ കോളേജിലെ അധ്യാപിക സംഗീത നമ്പ്യാര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

 

Tags