നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിൽ തീവ്ര സ്വഭാവമുള്ള സംഘടനകൾ നുഴഞ്ഞുകയറി സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചു, ക്രൈംബ്രാഞ്ച് അന്വേഷണവും പ്രതികളെ രക്ഷിക്കാൻ : ആരോപണവുമായി ബിജെപി
കണ്ണൂർ : നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച്ച നടന്ന ഹർത്താലിൽ കണ്ണൂർ ജില്ലയിൽ പലയിടത്തുമായി തീവ്ര സ്വഭാവമുള്ള സംഘടനകൾ നുഴഞ്ഞുകയറുകയും സംഘർഷം ഉണ്ടാക്കുകയും ചെയ്തതായി ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ്കുമാർ പ്രസ്താവിച്ചു. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ന്യായമായ എല്ലാ സമരങ്ങളെയും ബിജെപി പിന്തുണക്കുന്നുണ്ട്.
ഇത്തരം സമരങ്ങളിൽ തീവ്രസ്വഭാവമുള്ള സംഘടനകൾ നുഴഞ്ഞുകയറുന്നത് ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഇത്തരം ആളുകൾ ഉണ്ടാക്കുന്ന ആക്രമം ന്യായമായ സമരത്തെ പോലും കരിവാരിത്തേക്കും. സമാധാനപരമായി നടന്ന ഹർത്താൽ പെട്ടെന്ന് അക്രമാസക്തമായതിനെക്കുറിച്ച് അന്വേഷിക്കണം. അതിൻ്റെ പിന്നിൽ ചില ഗൂഢശക്തികൾ പ്രവർത്തിച്ചതായി സംശയിക്കുന്നു.
നിതിൻ രാജിന്റെ മരണത്തെ തുടർന്നുള്ള പോലീസ് അന്വേഷണം തൃപ്തികരമല്ല. കോടതി വിമർശിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ദുരൂഹതയുണ്ട്. നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥർ കുറ്റവാളികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണവും പ്രതികളെ രക്ഷിക്കാൻ വേണ്ടി മാത്രമാണ്. നിതിൻ രാജ് മരിച്ച് 20 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ ഭരണകക്ഷിക്കും പോലീസിനും ഒരുപോലെ പങ്കുണ്ട്. ഇതിലെ യഥാർത്ഥ വസ്തുത പുറത്തുവരണം. നിതിൻ രാജിനുണ്ടായ അനുഭവം ആവർത്തിച്ചു കൂടാ. മരണത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണം. അതിനാൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കെ കെ വിനോദ്കുമാർ ആവശ്യപ്പെട്ടു.
.jpg)

