2018ല്‍ നിപ പടര്‍ന്ന് പിടിച്ചിരുന്നു, അന്നത്തെ ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്തത് അതുകൊണ്ട്: മന്ത്രി കെ മുരളീധരന്‍

k muraleedharan

രോഗിയെ അഡ്മിറ്റ് ചെയ്യുന്നതടക്കം എല്ലാ കാര്യങ്ങളും ചെയ്ത ശേഷമാണ് താന്‍ മടങ്ങിയത്.

 നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. 2018ല്‍ നിപ പടര്‍ന്ന് പിടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് അന്നത്തെ മന്ത്രി അവിടെ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇന്ന് നിപ മാത്രമല്ല, ഷിഗെല്ലയുമുണ്ട്. രോഗിയെ അഡ്മിറ്റ് ചെയ്യുന്നതടക്കം എല്ലാ കാര്യങ്ങളും ചെയ്ത ശേഷമാണ് താന്‍ മടങ്ങിയത്. സെന്‍ട്രലൈസഡ് പ്രവര്‍ത്തനത്തിന് കുറേ കൂടി സൗകര്യം തിരുവനന്തപുരത്താണ്. മാത്രവുമല്ല നിപ വ്യാപിച്ചിട്ടുമില്ല. കൂടുതല്‍ നിപ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ അന്ന് തന്നെ തിരികെ വരുമായിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. നിപ ഇതുവരെ അപകടകാരിയല്ലെന്നും രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള പോരാട്ടമാണ് ഡോക്ടര്‍മാര്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മരുന്നുകള്‍ ലഭ്യമല്ല എന്നതടക്കം നിരവധി വാര്‍ത്തകള്‍ പുറത്തുവന്നു. തന്നെ രാഷ്ട്രീയമായി ആക്രമിക്കുന്നതില്‍ കുഴപ്പമില്ല. താന്‍ ഇത് കുറേ കണ്ടതാണ്. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട. എന്നാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കുറേ ഡോക്ടര്‍മാരും സ്റ്റാഫുകളുമുണ്ട്. അവരെ കൂടി ബാധിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകരുത്. ശക്തമായ നടപടി സ്വീകരിച്ചിട്ടും മരുന്ന് കിട്ടുന്നില്ല എന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

Tags