നിപ : പുതിയ പോസിറ്റീവ് കേസുകളില്ല ; 11 പേരുടെ പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ പരിശോധനയിൽ ഇന്ന് (സെപ്റ്റംബർ 16) പുതിയ പോസിറ്റീവ് കേസുകളില്ലെന്നും പരിശോധക്കയച്ച സാംപിളുകളിൽ 11 എണ്ണം കൂടി നെഗറ്റീവാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിപ പോസിറ്റീവ് ആയ വ്യക്തികളുമായി അടുത്ത സമ്പർക്കമുള്ള ഹൈ റിസ്കിലുള്ളവരുടെ സാംപിളുകളാണ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇതുവരെ പരിശോധിച്ച സാംപിളുകളിൽ മരണപ്പെട്ടവരുടേത് ഉൾപ്പെടെ ആറെണ്ണമാണ് പോസിറ്റീവ് ആയതെന്നും മന്ത്രി പറഞ്ഞു.
രണ്ടു കുട്ടികളടക്കം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 21 പേരാണ് ഐസൊലേഷനിൽ ഉള്ളത്. രോഗികൾ ചികിത്സയിലുള്ള ആശുപത്രികളിൽ എല്ലാം മെഡിക്കൽ ബോർഡ് നിലവിൽ വന്നിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.
അവസാനം പോസിറ്റീവ് ആയ വ്യക്തിയുടെ കോൺട്രാക്ട് ട്രേസിംഗ് പൂർത്തിയാക്കുക എന്നതാണ് ഇന്ന് പ്രധാനമായും ചെയ്യുന്നത്. കൂടാതെ പോസിറ്റീവായിട്ടുള്ള രോഗികളുടെ ഏതെങ്കിലും കോൺടാക്ട് വിട്ടുപോയിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുകയും ചെയ്യും.
നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച 19 കോർ കമ്മിറ്റികളും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സാംപിൾ ശേഖരണത്തിന് രോഗികളെ എത്തിക്കുന്നതിന് കൂടുതൽ ആംബുലൻസ് വിട്ട് നൽകാനും തീരുമാനമായി. മറ്റ് ജില്ലകളിൽ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ സാംപിൾ ഭൂരിഭാഗവും ഇന്നത്തോടെ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ട്രീറ്റ്മെന്റ്, ഐസൊലേഷൻ, ഡിസ്ചാർജ് തുടങ്ങിയവക്ക് പ്രോട്ടോകോൾ അനുസരിച്ചുള്ള എല്ലാ കാര്യങ്ങളും പാലിക്കപ്പെടുന്നുണ്ട്. 27 സെൽഫ് റിപ്പോർട്ടിംഗ് കോളുകളാണ് ഇന്ന് ഇതുവരെ കൺട്രോൾ റൂമിൽ ലഭിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
കോർപ്പറേഷൻ പരിധിയിലും ഫറോഖ് മുനിസിപ്പാലിറ്റിയിലും കണ്ടെയിൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച ഇടങ്ങളിൽ യോഗം ചേർന്ന് വിശദമായി കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും താഴെത്തട്ടിൽ വരെ പ്രവർത്തനം നടത്തുന്നതിന് സാധിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധിയിലെല്ലാം യോഗങ്ങൾ ചേർന്നിട്ടുണ്ട്.
ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തനം വളരെ ഫലപ്രദമായാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വളണ്ടിയർമാർ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കണ്ടൈയിൻമെന്റ് സോണുകളിലെയും മറ്റ് താല്പര്യമുള്ള വിദ്യാലയങ്ങൾക്കും കൈറ്റ് ജി സ്യൂട്ട് പ്ലാറ്റ്ഫോം മുഖേന ഓൺലൈൻ ക്ലാസുകൾ നടപ്പിലാക്കാം. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട മൂന്ന് അധ്യാപകർക്ക് ഇന്ന് രാത്രി ഓൺലൈനായി പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടർ എ ഗീത, എ ഡി എം സി.മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു.