നിപ: സമ്പർക്കപട്ടികയിൽ 706 പേർ, ഹൈ റിസ്‌ക്- 77, ആരോഗ്യപ്രവർത്തകർ- 153 :മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം നടത്തി

google news
nipha
ഒമ്പത് വയസുകാരന് മോണോ ക്ലോണൽ ആന്റി ബോഡി ഇന്നെത്തും, ആരോഗ്യ വകുപ്പ് പൂർണ സജ്ജം

കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാർ, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ബുധനാഴ്ച യോഗം ചേർന്ന് പ്രതിരോധ നടപടികൾ സമഗ്രമായി അവലോകനം ചെയ്തു. കോഴിക്കോട് നിന്ന് അയച്ച 5 സാമ്പിളുകളിൽ മൂന്നെണ്ണമാണ് നിപ പോസിറ്റീവായി തെളിഞ്ഞതെന്ന് യോഗശേഷം ആരോഗ്യമന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇതുവരെ സമ്പർക്ക പട്ടികയിൽ 706 പേർ ഉൾപ്പെട്ടിട്ടുണ്ട്.  ഇതിൽ ഹൈ റിസ്‌ക് വിഭാഗത്തിൽ 77 പേരാണ്. സമ്പർക്ക പട്ടികയിൽ 153 പേർ ആരോഗ്യപ്രവർത്തകരാണ്. ഹൈ റിസ്‌ക് വിഭാഗത്തിൽ ഉള്ളവർ അവരുടെ വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണ്.  ഓഗസ്റ്റ് 30 ന് മരിച്ച ഇൻഡക്‌സ് കേസ് എന്ന് കരുതുന്ന വ്യക്തിയുടെ 9 വയസുകാരനായ കുഞ്ഞ് ആശുപത്രി വെന്റിലേഷനിൽ തുടരുകയാണെന്ന് മന്ത്രി അറിയിച്ചു. കുട്ടിക്ക് മോണോ ക്ലോണോ ആന്റിബോഡി നൽകാനായി ഐ.സി.എം.ആറിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മരുന്ന് വിമാനമാർഗം ബുധനാഴ്ച രാത്രി എത്തും.

കോഴിക്കോട് 19 കമ്മിറ്റികൾ രൂപീകരിച്ച് പ്രതിരോധ നടപടികൾ ഊർജ്ജിതമായി നടക്കുന്നുണ്ട്.  പോസിറ്റീവ് ആയവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ ഉള്ള 13 പേരിൽ 30ന് മരിച്ച ആളുടെ ബന്ധുവും ഉൾപ്പെടും. ഇവരുടെ ആരോഗ്യം സാധാരണ നിലയിലാണ്.

നിപ കണ്ടെയ്ൻമെന്റ് സോണിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വാർഡ് തിരിച്ച് പ്രവർത്തിക്കാൻ പഞ്ചായത്ത് നേതൃത്വത്തിൽ വളണ്ടിയർമാരുടെ ടീം രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.  വളണ്ടിയർമാർക്ക് തിരിച്ചറിയാൻ ബാഡ്ജ് ഉണ്ടാവും. ഐസോലേഷനിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വളണ്ടിയർമാരെ ബന്ധപ്പെടാം. ഇവരുടെ മൊബൈൽ നമ്പരുകൾ പ്രസിദ്ധപ്പെടുത്തും.

സമ്പർക്ക പട്ടിക വിപുലമാകുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ ഉൾക്കൊള്ളാനായി കൂടുതൽ ആശുപത്രികൾ, റൂമുകൾ എന്നിവ സജ്ജമാക്കുന്നുണ്ട്.  നിലവിൽ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ടവരിൽ ലക്ഷണങ്ങൾ ഉള്ളവർ മാത്രം ആശുപത്രിയിൽ പോയാൽ മതി.

കോഴിക്കോട് ജില്ലയിൽ ആൾക്കൂട്ടങ്ങൾ സെപ്റ്റംബർ 24 വരെ ഒഴിവാക്കണമോ എന്ന കാര്യത്തിൽ ജില്ലാ കലക്ടർക്ക് തീരുമാനമെടുക്കാമെന്ന് മന്ത്രി പറഞ്ഞു. 30 ന് മരണപെട്ട ആൾ ആണ് ഇൻഡക്‌സ് കേസ് എന്നാണ് അനുമാനം. അദ്ദേഹം കാവിലുംപാറ പഞ്ചായത്തിൽ അദ്ദേഹത്തിന്റെ  കൃഷി ഭൂമി സന്ദർശിച്ചിരുന്നു.  ഇദ്ദേഹത്തിന്റെ വീട് 2018 ൽ നിപ പൊട്ടിപുറപ്പെട്ടു എന്ന് കരുതുന്ന ജാനകിക്കാടിന്റെ അഞ്ച് കിലോമീറ്റർ പരിധിയിലാണ്.  ഇങ്ങനെയാവാം ഇൻഡക്‌സ് കേസിന് വൈറസ് പകർന്നത് എന്നാണ് നിലവിലെ അനുമാനം.

സംസ്ഥാനതലത്തിൽ ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ സംസ്ഥാനത്തെ റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

എല്ലാവിധ പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചതായും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പക്ഷേ കരുതൽ വേണം.  കോഴിക്കോട് ജില്ലയിൽ എല്ലാവരും മാസ്‌ക് ഉപയോഗിക്കണം.  ആശുപത്രികളിൽ ഇൻഫെക്ഷൻ ഡിസീസ് പ്രോട്ടോകോൾ പാലിക്കണം.

കേന്ദ്രസംഘം നിപ റിപ്പോർട്ട് ചെയ്ത സ്ഥലം സന്ദർശിക്കും. സംഘത്തിലെ ചിലർ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ സാമ്പിളുകൾ നിലവിൽ തിരുവനന്തപുരം തോന്നയ്ക്കലിലെ ലാബിലും കോഴിക്കോട് മെഡിക്കൽ കോളജിലും പരിശോധിക്കുന്നുണ്ട്. ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളവർ പൂന ലാബിലേക്ക് അയക്കും.

നിപ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു ആശങ്ക പരത്തരുതെന്നു മന്ത്രി അഭ്യർഥിച്ചു. തിരുവനന്തപുരത്ത് വിദ്യാർഥി ബൈക്കിൽ സഞ്ചരിക്കവെ വവ്വാൽ മുഖത്തടിച്ചു പരിക്കേറ്റ സംഭവത്തിന് നിപയുമായി ബന്ധമില്ല.  സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും അലർട്ട് ആണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.  

Tags