ഒമ്പതാമത് സിദ്ധ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

veena


സംസ്ഥാന ആയുഷ് വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് സിദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 6 ന് രാവിലെ 10 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തെ ഇ.കെ. നായനാർ പാർക്കിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. 'ലോകാരോഗ്യത്തിന് സിദ്ധ വൈദ്യശാസ്ത്രം' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ സിദ്ധ ദിനാചരണം സംഘടിപ്പിക്കുന്നത്.

tRootC1469263">

സൗജന്യ മെഡിക്കൽ ക്യാമ്പും എക്സ്പോയും

സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി വിപുലമായ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഭാരതീയ ചികിത്സാ വകുപ്പിലെയും നാഷണൽ ആയുഷ് മിഷനിലെയും നാഷണൽ ഹെൽത്ത് മിഷനിലെയും സിദ്ധാ വിദഗ്ധർ ക്യാമ്പിൽ രോഗികളെ പരിശോധിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ സിദ്ധ മരുന്നുകൾ സൗജന്യമായി നൽകുന്നതാണ്.

മെഡിക്കൽ ക്യാമ്പിൽ അസ്ഥി-നാഡി രോഗങ്ങൾക്കുള്ള വർമ്മ ചികിത്സ, സ്ത്രീരോഗങ്ങൾക്കുള്ള മഗളിർജ്യോതി ഒപി, വിട്ടുമാറാത്ത അലർജി ആസ്ത്മ രോഗങ്ങൾക്കുള്ള പ്രാണ ഒ.പി, ത്വക് രോഗ ചികിത്സ തുടങ്ങി വിവിധ സ്പെഷ്യാലിറ്റി ഒ.പികൾ, അസ്ഥിസാന്ദ്രതാനിർണയം (ബി.എം.ഡി.) എന്നിവ ഉണ്ടായിരിക്കും. പൂജപ്പുര സിദ്ധ റീജിയണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സിദ്ധ വൈദ്യശാസ്ത്രത്തിലെ നൂതന ഗവേഷണ രീതികളും മരുന്നുകളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി പ്രത്യേക സ്റ്റാളുകളും ക്യാമ്പിനോടനുബന്ധിച്ച് പ്രവർത്തിക്കും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പ്രത്യേക ഒപി യും രക്തപരിശോധനയും ഉണ്ടാകും.

പൊതുജനാരോഗ്യ രംഗത്ത് സിദ്ധ വൈദ്യശാസ്ത്രത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സിദ്ധ വൈദ്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ആരോഗ്യ ഭവൻ മുതൽ പുത്തരിക്കണ്ടം മൈതാനം വരെ റാലി സംഘടിപ്പിക്കും. സിദ്ധ ചികിത്സാ രീതികളും മരുന്നുകളും പരിചയപ്പെടുത്തുന്ന പ്രത്യേക സ്റ്റാളുകളും ഒരുക്കും. എക്‌സ്പോയുടെ ഭാഗമായി സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ സഹകരണത്തോടെ 500 ഓളം ഔഷധസസ്യങ്ങൾ വിതരണം ചെയ്യും.

ശുചിത്വ-ആരോഗ്യ പരിപാലന രംഗത്തെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഹരിതകർമ്മസേനയുടെയും ഐ.സി.ഡി.എസ് പ്രവർത്തകരുടെയും പങ്കാളിത്തം പരിപാടിയിൽ ഉണ്ടാവും. സംസ്ഥാന സർക്കാരിന്റെ വൈബ് ഫോർ വെൽനസ് (ആരോഗ്യം ആനന്ദം) ക്യാമ്പയിന്റെ ഭാഗമായി ഐ.സി.ഡി.എസി.ന്റെ സഹകരണത്തോടെ 'ഭക്ഷണം തന്നെ മരുന്ന്' എന്ന സിദ്ധ തത്വം മുൻനിർത്തി ആരോഗ്യദായകമായ ഭക്ഷ്യ വിഭവങ്ങളുടെ മത്സരം സംഘടിപ്പിക്കും. ഇതോടൊപ്പം ശാസ്ത്രീയ സെമിനാറുകളും പൊതുജനങ്ങൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകളും ഉണ്ടായിരിക്കും.

Tags