അയ്യപ്പസന്നിധിയില്‍ സന്നദ്ധ സേവനവുമായി നീലഗിരിയില്‍ നിന്നുള്ള യുവാക്കള്‍

sabarimala
sabarimala

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നുള്ള വിക്കി എന്ന വിഘ്‌നേശ് ബാംഗ്ലൂരിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. ജോലിയില്‍ നിന്നും അവധിയെടുത്ത് ഈ ശബരിമല തീര്‍ഥാടന കാലത്ത് സന്നദ്ധ സേവനം നടത്തുകയാണ് വിക്കിയും കൂട്ടരും. വിക്കി മാത്രമല്ല സൂര്യ, രഞ്ജിത്ത്, ആര്‍. പ്രദീപ്, ഷാറൂണ്‍, അമര്‍ദേശ് തുടങ്ങി 68 പേരുടെ സംഘമാണ് ശബരിമലയില്‍ സന്നദ്ധസേവനത്തിന് എത്തിയിട്ടുള്ളത്.  

tRootC1469263">

സന്നിധാനത്തേക്കുള്ള വഴികളില്‍ ക്ഷീണിതരായി തളര്‍ന്നുപോകുന്നവരെയും പ്രായാധിക്യം മൂലം അവശതയനുഭവിക്കുന്നവരെയും സ്‌ട്രെച്ചറില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്ന സ്‌ട്രെച്ചര്‍ സംഘത്തിലെ അംഗങ്ങളാണ് ഈ യുവാക്കള്‍. മാനവസേവയാണ് യഥാര്‍ഥ മാനവസേവയെന്ന് തിരിച്ചറിഞ്ഞാണ് ടീം ലീഡര്‍ ജിനീഷ് ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഇവരുടെ സൗജന്യസേവനം. മലയാളികള്‍ ഉള്‍പ്പടെ ഊട്ടി, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ മറ്റു സ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ സംഘത്തിലുണ്ട്.  കഴിഞ്ഞ 6 വര്‍ഷത്തിലധികമായി ഇവര്‍ സൗജന്യ സേവനത്തിന് ശബരിമലയിലെത്തുന്നു. എല്ലാവരും നാട്ടില്‍ വിവിധ ജോലി ചെയ്യുന്നവരാണ്. എല്ലാ മണ്ഡലകാലത്തും സന്നദ്ധസേവനത്തിനായി ഇവര്‍ ശബരിമലയിലെത്തും. ദേവസ്വം ബോര്‍ഡിന്റെ ഏകോപനത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. 

Youth from Nilgiris volunteering in the presence of Lord Ayyappa

പാണ്ടിത്താവളം, അപ്പാച്ചിമേട്, ശരംകുത്തി, നീലിമല, മരക്കൂട്ടം എന്നിവിടങ്ങളിലായി ഏഴംഗ സംഘമായി തിരിഞ്ഞാണ് ഇവരുടെ പ്രവര്‍ത്തനം. സത്രം പുല്ലുമേട് കാനനപാത വഴി സന്നിധാനത്തേക്കെത്തുന്ന അയ്യപ്പഭക്തരില്‍ അവശതയനുഭവിക്കുന്നവരെ സ്‌ട്രെച്ചറില്‍ സന്നിധാനത്തേക്കും വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമായി എത്തിക്കുകയാണ് പാണ്ടിത്താവളത്തിലുള്ളവര്‍. പുല്ലുമേട് വഴിയുള്ള കാനനപാത താണ്ടുന്ന പ്രായാധിക്യം മൂലം അവശരായി പോകുന്ന നിരവധി പേരെയാണ് ഇവര്‍ സ്‌ട്രെച്ചറില്‍ പാണ്ടിത്താവളത്തിലെത്തിക്കുന്നത്. പാണ്ടിത്താവളത്തിലെ നവം വകുപ്പിന്റെ ചെക്ക്‌പോസ്റ്റില്‍ ലഭിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌ട്രെച്ചറുമായി സംഘം കാടു കയറുന്നത്. അവശരാകുന്ന അയ്യപ്പന്മാരെ സ്‌ട്രെച്ചറില്‍ ചുമലിലേറ്റി ഇവര്‍ അതിവേഗം പാണ്ടിത്താവളത്തിലെത്തും. ആവശ്യമുള്ളവര്‍ക്ക് വൈദ്യ പരിശോധന ലഭ്യമാക്കും. 

മികച്ച ശാരീരിക ക്ഷമതയുള്ളവര്‍ മാത്രമേ കാനനപാത തിരഞ്ഞെടുക്കാവൂ എന്ന് ഇവര്‍ വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിലെ മനോഹര ദൃശ്യങ്ങള്‍ക്കപ്പുറം കഠിനമായ കാനനപാത താണ്ടാന്‍ കുറച്ച് പ്രയാസം നേരിടേണ്ടി വരുമെന്നും ഇവര്‍ പറയുന്നു. കേരളത്തില്‍ നിന്ന് സന്നദ്ധ സേവനത്തിന് താല്‍പര്യമുള്ള യുവാക്കള്‍ മുന്നോട്ട് വരണമെന്ന് ടീം ലീഡര്‍ ജിനീഷ് പറയുന്നു. ഒരു മാസത്തോളമായി ജിനീഷ് ഇവിടെ സേവനം നല്‍കിവരികയാണ്. 10 ദിവസത്തേക്കാണ് ഒരു പോയിന്റില്‍ ഒരു ടീം സേവനം ചെയ്യുക. തുടര്‍ന്ന് അടുത്ത ടീം എത്തും. ഈ രീതിയില്‍ ഓരോ പോയിന്റിലും മാറി മാറിയാണ് ഇവരുടെ സേവനം. വനംവകുപ്പും പോലീസും എല്ലാവിധി പിന്തുണയും നല്‍കുന്നുണ്ടെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. ഇവരുടെ സേവനം അടയന്തരഘട്ടങ്ങളില്‍ ഏറെ വിലപ്പെട്ടതാണെന്ന് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.

Tags