‘വാഹനം തടഞ്ഞുനിർത്തി പെട്ടി പരിശോധിച്ചും ഭീഷണിപ്പെടുത്തിയും നിലമ്പൂരിൽ ജയിക്കാനാവില്ല’ ; ആര്യാടൻ ഷൗക്കത്ത്

Nilambur murder is a government sponsored murder: Aryadan Shoukat
Nilambur murder is a government sponsored murder: Aryadan Shoukat

നിലമ്പൂർ: ഷാഫി പറമ്പിൽ എം.പിയുടെയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെയും വാഹനം തടഞ്ഞുനിർത്തി വസ്ത്രങ്ങളടങ്ങിയ പെട്ടി പൊലീസ് പരിശോധിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. എൽ.ഡി.എഫ് നേതാക്കളുടെ പെട്ടി പരിശോധിക്കുന്നില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

tRootC1469263">

എൽ.ഡി.എഫ് എം.പിമാരുടെയും എം.എൽ.എമാരുടെയും പെട്ടി പരിശോധിക്കാൻ പൊലീസിന് ധൈര്യം കാണില്ല. ഷാഫിയും രാഹുലും പെട്ടി പരിശോധിക്കരുതെന്ന് പറഞ്ഞിട്ടില്ല. വിശദമായി പരിശോധിക്കാനാണ് പറഞ്ഞത്. പെട്ടി പരിശോധിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും നിലമ്പൂരിൽ ജയിക്കാൻ സാധിക്കില്ലെന്നും ഷൗക്കത്ത് വ്യക്തമാക്കി.

പാലക്കാട് കേരളത്തിലെ അറിയപ്പെടുന്ന രണ്ട് വനിത നേതാക്കളുടെ മുറിയിലാണ് വനിത പൊലീസ് ഇല്ലാതെ പരിശോധന നടത്തിയത്. ഇതിൻറെ പ്രതിഫലനമാണ് പാലക്കാട് തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടതെന്നും ഷൗക്കത്ത് കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി മടങ്ങിയ ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പൊലീസ് പരിശോധന നടത്തിയത്. രാത്രി ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങുംവഴി നിലമ്പൂരിൽ വടപുറത്ത് വച്ചായിരുന്നു വാഹന പരിശോധന.

ഷാഫി പറമ്പിൽ ആണ് വാഹനം ഓടിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ മുൻപിലുള്ള സീറ്റിൽ തന്നെ ഉണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഷാഫിയും രാഹുലും മറ്റുള്ളവരും പുറത്തിറങ്ങി. തുടർന്ന് കാറിനുള്ളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഡിക്കി തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരം ഡിക്കിയിൽ നിന്നും ഷാഫി പെട്ടികൾ എടുത്ത് റോഡിൽ വച്ചു. പെട്ടികൾ കണ്ട ഉദ്യോഗസ്ഥർ തുറന്ന് പരിശോധിക്കാതെ യാത്ര തുടരാൻ ഷാഫി അടക്കമുള്ളവരോട് പറഞ്ഞു. എന്നാൽ, പെട്ടി തുറന്ന് പരിശോധിക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ പെട്ടിക്കുള്ളിൽ വസ്ത്രങ്ങളും പുസ്തകങ്ങളും ആണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി.

അതേസമയം, തെരഞ്ഞെടുപ്പ് കാലത്തുള്ള സ്വാഭാവിക പരിശോധന മാത്രമാണെന്നും വാഹനത്തിൽ എം.പിയെയും എം.എൽ.എയെയുമാണെന്ന് മനസിലായില്ലെന്നും പൊലീസ് പറഞ്ഞു. പൊട്ടി മുളച്ച് എം.എൽ.എയെയും എം.പിയും ആയതല്ലെന്നും ഇതൊക്കെ കുറേ കണ്ടിട്ട് തന്നെയാണ് വന്നതെന്നും ഷാഫി പറമ്പിൽ മറുപടി നൽകി.

സി.പി.എമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു. യു.ഡി.എഫ് എം.പിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു.

വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു. നിനക്ക് സർവീസിനുള്ള പാരിതോഷികം തരാമെന്ന് പറഞ്ഞ രാഹുൽ, ഇടതുപക്ഷ നേതാക്കളുടെ പെട്ടി ഇതുപോലെ പരിശോധിക്കുമോ എന്ന് ചോദിച്ചു.

പാലക്കാട് പെട്ടി വിവാദത്തിൻറെ തനിയാവർത്തനം തന്നെയാണ് നിലമ്പൂരിലും നടന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫ് പറഞ്ഞു. ഇത് ബോധ പൂർവമായ നീക്കമാണെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

Tags