ജൈവ മലിനജല സംസ്കരണ സംവിധാനത്തിനുള്ള സാങ്കേതികവിദ്യ എന്‍ഐഐഎസ്ടി കൈമാറി

google news
fdj


തിരുവനന്തപുരം: ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മലിനജലം സംസ്കരിക്കുന്നതിനുള്ള സുസ്ഥിര സാങ്കേതികവിദ്യ വികിസിപ്പിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) പേറ്റന്‍റ് കരസ്ഥമാക്കി.

മലിനജല നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളില്ലാത്ത നഗരങ്ങളില്‍ വന്‍തോതിലുള്ള മലിനജലം സംസ്കരിക്കുന്നതും നീക്കം ചെയ്യുന്നതും ശ്രമകരമാണ്.
ഇതിന് സുസ്ഥിര പരിഹാരമെന്ന നിലയില്‍ മലിന ജലത്തില്‍ നിന്ന് ശുദ്ധമായ വെള്ളവും ജൈവ ഊര്‍ജ്ജവും ജൈവ വളവും വീണ്ടെടുക്കാനും മണ്ണും ചെളിയും പോലുള്ളവ വേര്‍തിരിച്ചെടുക്കാനും സാധിക്കുന്നതാണ് 'നോവ' എന്ന ഈ സാങ്കേതികവിദ്യ. തിരുവനന്തപുരം എന്‍ഐഐഎസ്ടിയിലെ പരിസ്ഥിതി സാങ്കേതിക വിഭാഗത്തിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റായ ഡോ. കൃഷ്ണകുമാര്‍ ബി യുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് (WO 2022/130402 A1)സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

മൂവിംഗ് ബെഡ് ബയോഫിലിം റിയാക്ടര്‍ (എംബിബിആര്‍) സീക്വന്‍സ് ബയോറിയാക്ടര്‍ (എസ്ബിആര്‍) ഇലക്ട്രോകോഗുലേഷന്‍ തുടങ്ങിയ സാധാരണ മലിനജല സംസ്കരണ സാങ്കേതികവിദ്യകളെ അപേക്ഷിച്ച് ഏറെ പ്രയോജനപ്രദമാണ് 'നോവ'. വളരെ കുറഞ്ഞ പ്രവര്‍ത്തന ചെലവ്, വന്‍തോതില്‍ മലിനജലം ശുദ്ധീകരിക്കുന്നതിന് കുറച്ച് സ്ഥലം, ഇടയ്ക്കിടെ മാലിന്യം നീക്കം ചെയ്യല്‍ ആവശ്യമില്ല എന്നിവയാണ് നേട്ടങ്ങള്‍.

മാലിന്യം വേര്‍തിരിക്കാനുള്ള സംവിധാനവും അണുനാശിനി മോഡ്യൂളുകളും ഘടിപ്പിച്ചിട്ടുള്ള സംയോജിത വായുരഹിത-എയ്റോബിക് ബയോപ്രോസസ് യൂണിറ്റാണ് ഈ സാങ്കേതികവിദ്യ. മലിനജലത്തില്‍ അടങ്ങിയിട്ടുള്ള 70-80 ശതമാനം മാലിന്യങ്ങളും ഈ സാങ്കേതികവിദ്യയിലൂടെ ബയോഗ്യാസ് ആയി രൂപപ്പെടുത്തുന്നു. അതിന് ശേഷം എയ്റോബിക് പ്രോസസ് യൂണിറ്റില്‍ ബാക്കിയാകുന്ന ജൈവവസ്തുക്കളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നു. പ്രതിദിനം 10 കിലോ ലിറ്റര്‍ വരെ മലിനജലം ശുദ്ധീകരിക്കുന്നതിന് നോവ യൂണിറ്റിന് 18 ചതുരശ്ര മീറ്ററില്‍ താഴെ സ്ഥലം മതിയാകും. ചെറുകിട ഹോട്ടലുകളും റെസ്റ്റോറന്‍റുകളും മലിനജലം സംസ്കരിക്കുന്നതിന് പ്രതിമാസം 50,000 രൂപ വരെ ചെലവഴിക്കേണ്ടി വരുന്നതിനാല്‍ അവര്‍ക്ക് ഇത് വലിയ അനുഗ്രഹമാണ്.

കേരള സംസ്ഥാന ശുചിത്വ മിഷന്‍ ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. നാല് കമ്പനികള്‍ ഇതിനോടകം തന്നെ ഈ സാങ്കേതിവവിദ്യയ്ക്കുള്ള ലൈസന്‍സ് നേടുകയും വിവിധ വ്യാവസായിക സൈറ്റുകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൂ ഡിഗ്രി ക്ലൈമറ്റ് കണ്‍ട്രോള്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി അഞ്ചാമതായി 'നോവ' സാങ്കേതികവിദ്യ വാണിജ്യപരമായി കൈമാറുന്നതിന് എന്‍ഐഐഎസ്ടി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സമൂഹം നേരിടുന്ന ജീവിത പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ പാകത്തില്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ എത്തിക്കാന്‍ കഴിയണം. അതിനായി കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളും സ്വകാര്യ കമ്പനികളും എന്‍ഐഐഎസ്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ പറഞ്ഞു.
 

Tags