നെയ്യാറ്റിൻകരയിൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യുവാവ് അപകടത്തിൽ മരിച്ചു

accident-alappuzha

 നെയ്യാറ്റിൻകര അമരവിളയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അമരവിള സ്വദേശി അരുൺകൃഷ്ണൻ (26) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കരമന-കളിയിക്കാവിള റോഡിൽ എക്സൈസ് ചെക്പോസ്റ്റിന് സമീപമായിരുന്നു അപകടം.

മഴ പെയ്തുകൊണ്ടിരുന്നതിനാൽ നനഞ്ഞു കിടന്ന റോഡിൽ ബസ് നിയന്ത്രണം തെറ്റി കാറിലിടിച്ചാണ് അപകടമുണ്ടായത്. മുൻപിലുണ്ടായിരുന്ന കാർ പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്ന് ബസ് വലത്തോട്ട് വെട്ടിക്കുന്നതിനിടെ എതിർദിശയിൽ വന്ന അരുൺകൃഷ്ണന്റെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്കും ഇടിച്ചുകയറി.

നെയ്യാറ്റിൻകരയിൽ നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് ബസും കാറും തമ്മിൽ വേർപെടുത്തിയത്. പിന്നീട് കാർ വെട്ടിപ്പൊളിച്ചാണ് അരുൺകൃഷ്ണനെ പുറത്തെടുത്തത്, എന്നാൽ അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ബന്ധുവിനെ ആശുപത്രിയിൽ എത്തിക്കാൻ നെയ്യാറ്റിൻകരയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ജി-ഫൈവ് ഗ്രൂപ്പിലെ ഡ്രൈവറാണ് അരുൺകൃഷ്ണൻ. ഓഗസ്റ്റ് 23-ന് ഇദ്ദേഹത്തിന്റെ വിവാഹം നടക്കാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Tags