ശബരിമലയിൽ തിരുവോണ സദ്യ നൽകിയില്ലെന്ന വാർത്ത വാസ്തവവിരുദ്ധം; 3000 ഭക്തർക്ക് സദ്യ വിളമ്പിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

News that Thiruvonas were not served in Sabarimala is false; Devaswom Board President says that they served sadhya to 3000 devotees

പാലക്കാട്: ശബരിമലയിൽ ഭക്തർക്ക് തിരുവോണ സദ്യ നൽകിയില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ. വ്യാജ വാർത്തകൾ ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് പതിറ്റാണ്ടോളമായി സന്നിധാനത്ത് തുടർന്നുപോരുന്ന തിരുവോണ സദ്യ വിളമ്പൽ ഇത്തവണ സ്പെഷ്യൽ ഡ്യൂട്ടി ജീവനക്കാർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും മാത്രമായി ചുരുക്കി എന്ന തരത്തിൽ ഉയർന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുവോണ ദിനത്തിൽ സന്നിധാനത്ത് എത്തിയ മുഴുവൻ ഭക്തജനങ്ങൾക്കും വിഭവസമൃദ്ധമായ സദ്യ നൽകിയിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു. മൂവായിരത്തോളം അയ്യപ്പഭക്തർക്കാണ് ഇത്തവണ ഓണസദ്യ വിളമ്പിയത്. സ്പോൺസർമാരെ ആശ്രയിക്കാതെയും യാതൊരുവിധ പിരിവുകളും ഇല്ലാതെയും ദേവസ്വം ബോർഡിന്റെ സ്വന്തം ചെലവിലാണ് ഇത്തവണ തിരുവോണ സദ്യ ഒരുക്കിയത്. സദ്യ കഴിച്ച ഒരു പ്രമുഖ അഭിഭാഷകൻ ഉൾപ്പെടെ നിരവധി പേർ തന്നെ നേരിട്ട് വിളിച്ച് മികച്ച സദ്യയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

Tags