പുതുവർഷത്തിൽ പുതിയ ടോൾ പിരിവ് : പന്തീരാങ്കാവ് ടോൾ പ്ലാസയിൽ നിരക്കുകൾ ഇങ്ങനെ

tollplaza

 കോഴിക്കോട് |  പുതുവർഷത്തിൽ ടോൾ പിരിവിലേക്ക് വെങ്ങളം – രാമനാട്ടുകര റീച്ച്. പന്തീരാങ്കാവിലെ ടോൾ പ്ലാസയിൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കി രണ്ടു ദിവസത്തിനകം ഇതിനായുള്ള ട്രയൽ റൺ തുടങ്ങുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. പന്തീരാങ്കാവിൽ സ്ഥാപിച്ച ടോൾ പ്ലാസ ഔദ്യോഗിക രേഖകളിൽ ഒളവണ്ണ ടോൾ പ്ലാസ എന്നാകും ഇനി അറിയപ്പെടുക.കോഴിക്കോട് ലൈവ്

tRootC1469263">

ടോൾ നിരക്കുകൾ
∙ കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടർ വെഹിക്കിൾ

ഒരു വശത്തേക്ക് – 90
ഇരുവശത്തേക്കും – 135
പ്രതിമാസ നിരക്ക് – 2975
കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനം – 45

∙മിനി ബസ്, ലൈറ്റ് കമേഴ്സ്യൽ – ഗുഡ്സ് വെഹിക്കിൾ 

ഒരു വശത്തേക്ക് – 145
ഇരുവശത്തേക്കും – 215
പ്രതിമാസ നിരക്ക് – 4805
കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനം – 70

∙ ബസ്, 2 ആക്സിൽ വാഹനങ്ങൾ

ഒരു വശത്തേക്ക് – 300
ഇരുവശത്തേക്കും – 455
പ്രതിമാസനിരക്ക് – 10,065
കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനം – 150

∙ 3 ആക്സിൽ ട്രക്ക്

ഒരു വശത്തേക്ക് – 330
ഇരുവശത്തേക്കും – 495
പ്രതിമാസനിരക്ക് – 10,980
കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനം – 165

∙ 4 മുതൽ 6 വരെ ആക്സിൽ വാഹനങ്ങൾ

ഒരു വശത്തേക്ക് – 475
ഇരുവശത്തേക്കും – 710
പ്രതിമാസനിരക്ക് – 15,780
കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനം – 235

∙ ഏഴും അതിലേറെയും ആക്സിലുളള വാഹനങ്ങൾ

ഒരു വശത്തേക്ക് – 575
ഇരുവശത്തേക്കും – 865
പ്രതിമാസനിരക്ക് – 19,210
കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്ത കമേഴ്സ്യൽ വാഹനം – 290

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ സ്ഥിരം താമസക്കാരായവരുടെ കാർ അടക്കമുളള ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 340 രൂപയുടെ പ്രതിമാസ പാസ് ലഭ്യമാകും. ബന്ധപ്പെട്ട രേഖകൾ നൽകിയാൽ ഈ പാസ് അനുവദിക്കും. ഇതുള്ളവർക്ക് ഒരു മാസം എത്ര തവണ വേണമെങ്കിലും ടോൾ പ്ലാസയിലൂടെ കടന്നുപോകാം.  മഹാരാഷ്ട്ര ആസ്ഥാനമായുളള ഹുലെ കൺസ്ട്രക്‌ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മൂന്നു മാസത്തേക്ക് ഇവിടെ ടോൾ പിരിവ് നടത്തുക. തുടർന്ന് പുതിയ ടെൻഡർ ക്ഷണിച്ച ശേഷമാകും ടോൾ പിരിവ്. 

2021 ഓഗസ്റ്റ് 15 നാണ് ദേശീയപാത 66 ൽ 28.4 കിലോമീറ്റർ വരുന്ന വെങ്ങളം – രാമനാട്ടുകര റീച്ചിൽ നിർമാണം ആരംഭിച്ചത്. 90 ശതമാനത്തോളം നിർമാണം പൂർത്തിയായതോടെ 2025 ഒക്ടോബർ 26 ന് പാതയുടെ നിർമാതാക്കളായ ഹൈദരാബാദിലെ കെഎംസി കൺസ്ട്രക്‌ഷൻസിന് നിർമാണം സംബന്ധിച്ച സർട്ടിഫിക്കറ്റ് കൈമാറിയിരുന്നു. ടോൾ നിരക്ക് നിശ്ചയിച്ച് ഗതാഗത മന്ത്രാലയത്തിനു സമർപ്പിച്ചെങ്കിലും ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തു വരാത്തതിനാലാണ് ടോൾ പിരിവ് വൈകുന്നത്. ഇതിനിടെ ഈ റീച്ചിലൂടെ വാഹനങ്ങളും കടത്തിവിട്ടു തുടങ്ങിയിരുന്നു.

1700 കോടിയോളം രൂപ ചെലവിട്ടാണ് ഈ റീച്ചിന്റെ നിർമാണം പൂർത്തിയായത്. കിലോമീറ്ററിനു 63 കോടിയിലധികം രൂപ എന്ന സംസ്ഥാനത്തെ ദേശീയപാത ബൈപാസ് നിർമാണത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇത് പൂർത്തിയാക്കിയത്. ഫ്ലൈഓവറുകൾ കൂടുതലായി വന്നതാണ് നിരക്കുയരാൻ കാരണം. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, ഹൈലൈറ്റ്മാൾ, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണു ഫ്ലൈ ഓവറുകളുള്ളത്. പാതയിലേക്കു കയറാനും പുറത്തിറങ്ങാനുമായി 19 ഇടങ്ങൾ വീതം ഇരുവശത്തും നൽകിയിട്ടുണ്ട്. കരാറിന്റെ ഭാഗമായി കെഎംസി കൺസ്ട്രക്‌ഷൻസ് തന്നെ 15 വർഷത്തേക്ക് പാതയുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കണം.

24 മണിക്കൂറും ഡോക്ടറും രണ്ട് ആംബുലൻസും വാഹനങ്ങൾ അപകടത്തിലോ അറ്റകുറ്റപ്പണിയിലോ ആയാൽ അവ നിശ്ചിത സ്ഥലത്തേക്ക് മാറ്റാനുള്ള റിക്കവറി വാഹനവും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒളവണ്ണ ടോൾ പ്ലാസയിൽ ഒരുക്കിയത്. റീച്ചിൽ എവിടെയെങ്കിലും അപകടം ഉണ്ടായാൽ ഉടൻ തന്നെ ആ വിവരം ടോൾ  പ്ലാസയിലെ കൺട്രോൾ റൂമിലെ മൊബൈൽ ആപ്പിൽ ലഭ്യമാകുന്ന സംവിധാനവും ഒരുക്കിക്കഴിഞ്ഞു. നിയമലംഘനങ്ങൾ തടയാൻ റീച്ചിൽ സദാസമയവും പ്രവർത്തനനിരതമായ 46 ക്യാമറകളാണ് സ്ഥാപിച്ചത്. 15 ദിവസത്തെ ദൃശ്യങ്ങളുടെ പകർപ്പ് സൂക്ഷിക്കാനുള്ള സംവിധാനവും ടോൾ പ്ലാസയിലെ കൺട്രോൾ റൂമിൽ ഉണ്ട്.

Tags