മൃതദേഹം അഴുകിയ സംഭവം ; പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പുതിയ ഫ്രീസർ സ്ഥാപിച്ചു

Incident of decomposing body: New freezer installed at Paravur Taluk Hospital mortuary.

 കൊച്ചി: വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ഫ്രീസർ തകരാറിലായതിനെ തുടർന്ന് മൃതദേഹം അഴുകിയത് വിവാദമായതിന് പിന്നാലെ ഇടപെടലുമായി നഗരസഭ. ആശുപത്രി മോർച്ചറിയിൽ പുതിയ ഫ്രീസര്‍ സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം ഫ്രീസര്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. ഒരേ സമയം നാല് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രീസറുകളാണ് സ്ഥാപിച്ചത്. രണ്ട് മൃതദേഹങ്ങള്‍ കൂടി സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രീസര്‍ രണ്ടാഴ്ചയ്ക്കകം സ്ഥാപിക്കും. തകരാറിലായിരുന്ന മൊബൈല്‍ ഫ്രീസര്‍ നന്നാക്കിയതായും നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയില്‍ ഫ്രീസര്‍ തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹം അഴുകിയ സംഭവം റിപ്പോര്‍ട്ടറായിരുന്നു പുറത്തുകൊണ്ടുവന്നത്.

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അമ്മയുടെ മൃതദേഹം അഴുകിയെന്ന് ചൂണ്ടിക്കാട്ടി പറവൂര്‍ പരവാത്തുരുത്ത് സ്വദേശിയായ വിനേഷായിരുന്നു രംഗത്തെത്തിയത്. ഇക്കഴിഞ്ഞ പതിനാറിനായിരുന്നു വിനേഷിന്റെ മാതാവ് ജെസി പൗളി മരിച്ചത്. തുടര്‍ന്ന് മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം മൃതദേഹം പുറത്തെടുത്തപ്പോള്‍ അഴുകിത്തുടങ്ങിയിരുന്നുവെന്നും അമ്മയ്ക്ക് അന്ത്യചുംബനം പോലും നല്‍കാന്‍ കഴിഞ്ഞില്ലെന്നും വിനേഷ് പറഞ്ഞിരുന്നു. ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും വിനേഷ് പരാതി നല്‍കുകയും ചെയ്തിരുന്നു. അമ്മയുടെ മൃതദേഹം സുരക്ഷിതമായി സൂക്ഷിക്കുമെന്ന പ്രതീക്ഷ തെറ്റിയെന്നും അഴുകിയ നിലയില്‍ മൃതദേഹം കാണേണ്ടി വന്നത് കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും വിനേഷ് പറഞ്ഞിരുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും വിനേഷ് ആവശ്യപ്പെട്ടിരുന്നു.

Tags