കേരളത്തിൽ നിന്ന് പുതിയ ഉഭയജീവി വർഗം കണ്ടെത്തി: ‘ഗെഗനിയോഫിസ് ബാവലി’ ശ്രദ്ധേയമാകുന്നു
കോഴിക്കോട്: കേരളത്തിൽനിന്ന് ജന്തുലോകത്തിലേക്കൊരു പുതിയ അതിഥിയെ കണ്ടെത്തി -ഗെഗനിയോഫിസ് ബാവലി. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഗെഗനിയോഫിസ് എന്ന ഉഭയജീവി ജെനുസിൽപ്പെടുന്നതാണ് കണ്ണൂർ ഇരിട്ടിയിൽ ബാവലിപ്പുഴയുടെ കൈവഴിയുടെ തീരത്ത് കണ്ടെത്തിയ ഗെഗനിയോഫിസ് ബാവലി.
കേരള കേന്ദ്ര സർവകലാശാലയിലെ ഡോ. രാമചന്ദ്രൻ കോതാറമ്പത്ത്, രഞ്ജിത്ത് വെങ്ങോട്ട്, ലണ്ടൻ നാച്ചുറൽ ഹിസ്റ്റി മ്യൂസിയത്തിലെ ഡോ. ഡേവിഡ് ഗോവർ എന്നിവർ ചേർന്ന് നടത്തിയ ഗവേഷണത്തിലാണ് പുതിയ വർഗത്തെ തിരിച്ചറിഞ്ഞത്.
ഇന്ത്യയിലും സീഷെൽസ് ദ്വീപസമൂഹത്തിലും കാണപ്പെടുന്ന ഗ്രാൻഡിസോണിഡേ (ഇന്തോ-സീഷെല്ലൻ കുടുംബം) കുടുംബത്തിൽ ഉൾപ്പെടുന്നതാണിത്. ഇതേ കുടുംബത്തിലെ ഗെഗനിയോഫിസ്, ഇൻഡോ ടിഫ്ളസ് എന്നീ രണ്ട് ജെനുസുകളാണ് ഇന്ത്യയിൽ നേരത്തേ കാണപ്പെടുന്നത്. ഇതിൽ ഗെഗനിയോഫിസിലെ 14-ാമത്തെ വർഗമാണ് ഇരിട്ടിയിലെ വാളത്തോടിൽനിന്ന് കണ്ടെത്തിയ ഗെഗനിയോഫിസ് ബാവലി.
ഒറ്റനോട്ടത്തിൽ മണ്ണിരയോട് രൂപസാദൃശ്യമുള്ള ഇവ പൂർണമായും മണ്ണിനടിയിലാണ് വസിക്കുന്നത്. പിങ്ക് നിറമുള്ള ഇവ രാത്രികാലങ്ങളിൽ പ്രജനനത്തിനും മറ്റുമായി അപൂർവമായാണ് പുറത്തുവരുക. കണ്ണ് തലയോട്ടിയുടെ അടിയിലായതിനാൽ ഇവയ്ക്ക് സാധാരണയായുള്ള കാഴ്ചശക്തിയില്ലെന്നാണ് കരുതപ്പെടുന്നത്. എന്നാലും പ്രകാശത്തിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള കഴിവ് ഉണ്ടോയെന്നുള്ളതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. മലയോരത്തിന്റെ ആരംഭപ്രദേശങ്ങൾ മുതൽ കിഴക്കോട്ട് നനവുള്ള ഫലഭൂയിഷ്ഠമായ മണ്ണിലാണ് ഇവയെ കാണപ്പെടുന്നത്.
ജനനസമയംമുതലേ മണ്ണിൽ ഒറ്റയ്ക്ക് ജീവിക്കാനുള്ള കഴിവ് ഇതിനുണ്ട്. ഗെഗനിയോഫിസ് കുടുംബത്തിലെ 14 വർഗങ്ങളിൽ ബാവലിയുൾപ്പെടെ അഞ്ചെണ്ണത്തെയാണ് വിവിധ കാലങ്ങളിലായി കേരളത്തിന്റെ വിവിധ ഇടങ്ങളിൽനിന്ന് കണ്ടെത്തിയത്. ഈ പഠനം അന്താരാഷ്ട്ര ടാക്സോണമി ജേണലായ ‘സൂട്ടാക്സ’യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
.jpg)

