നെന്മാറ ഇരട്ടക്കൊലക്കേസ് : ചെന്തമാരയുടെ വിധി ഇന്ന്

chenthamara

 ഒന്നര വർഷം മുൻപ് കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ ഇന്ന് വിധി. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്തമാരയുടെ വിധി പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രസ്താവിക്കുന്നത്. 2025 ജനുവരി 27-ന് നടന്ന കൊലപാതകം, നാട്ടുകാരുടെയും പോലീസിന്റെയും ഉറക്കം കെടുത്തിയ വലിയൊരു കുറ്റകൃത്യമായിരുന്നു.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ, വനമേഖലയിൽ രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് ചെന്തമാര പിടിയിലായത്.

2019-ൽ മറ്റൊരു കൊലപാതക കേസിലെ പ്രതിയായ ചെന്തമാര, 2022-ൽ ജാമ്യത്തിലിറങ്ങിയ ശേഷം ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചിരുന്നത്. സുധാകരനെയും ലക്ഷ്മിയെയും കൊല്ലാൻ ഉപയോഗിച്ച കത്തി എലവഞ്ചേരിയിൽ നിന്ന് വാങ്ങിയതായി തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു.

480 പേജുള്ള കുറ്റപത്രമാണ് ഈ കേസിൽ പോലീസ് സമർപ്പിച്ചത്. 132 സാക്ഷികളിൽ 4 പേർ വിചാരണവേളയിൽ കൂറുമാറിയെങ്കിലും, ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണ്ണായകമായി. ഫൊറൻസിക് പരിശോധനാ ഫലങ്ങൾ ഉൾപ്പെടെ 30-ലധികം രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഫെബ്രുവരി 23 മുതൽ മെയ് 6 വരെ നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് ഇന്ന് വിധി പ്രസ്താവിക്കുന്നത്.

Tags