നെന്മാറ ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗൺസിലിംഗ് പൂർത്തിയായി
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് കൗൺസിലിംഗ് പൂർത്തിയായി. ജില്ലാ നിയമസഹായ വേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് കൗൺസിലിംഗ് പൂർത്തിയാക്കിയത്. ഇതുമായി ബന്ധപ്പെട്ട കൗൺസിലിംഗ് റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്.
കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി കോടതി നാളെ പുറപ്പെടുവിക്കാൻ സാധ്യത കുറവാണെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. നാളെ സമർപ്പിക്കുന്ന മിറ്റിഗേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ കൂടുതൽ വാദം തുടരാനാണ് സാധ്യത. കൂടാതെ, പ്രതിയെ നാളെ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അതിനാൽ അന്തിമ വിധി പ്രസ്താവം നാളെയുണ്ടാകില്ലെന്നും പ്രോസിക്യൂഷൻ സൂചിപ്പിച്ചു.
കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ചെന്താമര ഒരു സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾ സമൂഹത്തിന് തന്നെ കനത്ത ഭീഷണിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതി ഇനിയും ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ടെന്നും “താൻ ഗാന്ധിജിയൊന്നുമല്ല” എന്ന പ്രതിയുടെ മുൻ മനോഭാവം തന്നെ ഇതിന് തെളിവാണെന്നും ചൂണ്ടിക്കാണിച്ച പ്രോസിക്യൂഷൻ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, പ്രതിക്ക് തെറ്റ് തിരുത്താനും മാനസാന്തരപ്പെടാനും അവസരം നൽകണമെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ചെന്താമരയുടെ മുൻകാല സ്വഭാവം ശിക്ഷ വിധിക്കുമ്പോൾ കണക്കിലെടുക്കരുതെന്നും, കേസിൽ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നും പ്രത്യക്ഷ തെളിവില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
.jpg)

