10 ദിവസത്തിനിടെ നെല്ലിയാമ്പതിയില്‍ വീണ്ടും കാട്ടാന ചരിഞ്ഞു

google news
asf

പാലക്കാട്: നെല്ലിയാമ്പതിയില്‍ കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നെല്ലിയാമ്പതി തോട്ടയ്ക്കാട് കാപ്പി എസ്റ്റേറ്റിലെ കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലത്താണ് കൊമ്പനാനയുടെ ജഡം ഭാഗികമായി അഴുകിയ നിലയില്‍ കണ്ടെത്തിയത്. അമിതമായി ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് തോട്ടത്തിലെ തൊഴിലാളികളുടെ അന്വേഷണത്തിലാണ് കുറ്റിക്കാട്ടിനിടയില്‍ ഭാഗികമായി അഴുകിയ നിലയില്‍ കൊമ്പനാനയുടെ ജഡം കണ്ടത്.

ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ജഡം കണ്ടത്. നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍. ജയേന്ദ്രന്റെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തൃശൂരില്‍ നിന്നുള്ള വനംവകുപ്പിന്റെ മൃഗഡോക്ടറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പോസ്റ്റ് മോര്‍ട്ടം നടത്തും.

 വിദഗ്ധ പരിശോധനയും പോസ്റ്റ് മോര്‍ട്ടവും കഴിഞ്ഞാലേ മരണകാരണവും മറ്റും അറിയുകയുള്ളൂ എന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
10 ദിവസത്തിനിടെ നെല്ലിയാമ്പതി വനമേഖലയില്‍ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്. കഴിഞ്ഞ ഒമ്പതാം തീയതി പ്രായാധിക്യം മൂലം പിടിയാന ബ്രൂക്ക് ലാന്‍ഡ് എസ്റ്റേറ്റിലെ കാപ്പിത്തോട്ടത്തില്‍ ചരിഞ്ഞിരുന്നു.

Tags