നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച ; 15 പേർ കസ്റ്റഡിയിൽ, മുഖ്യ സൂത്രധാരൻ ജയ്പൂർ സ്വദേശി
ന്യൂഡൽഹി: മേയ് മൂന്നിന് നടന്ന നീറ്റ് യു.ജിയുടെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 15 പേർ കസ്റ്റഡിയിൽ. രാജസ്ഥാൻ പൊലീസ് സ്പെഷൽ ഓപറേഷൻ ഗ്രൂപ്പാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രാജസ്ഥാനിലെ സിക്കറിൽ പരീക്ഷക്കുമുമ്പ് പ്രചരിച്ച, കൈപ്പടയിൽ തയാറാക്കിയ ‘മാതൃക ചോദ്യ പേപ്പറി’ലെ 135 ചോദ്യങ്ങൾ നീറ്റ് യു.ജി പരീക്ഷ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം.
തിങ്കളാഴ്ച ജയ്പൂർ സ്വദേശിയായ മനീഷിനെ എസ്.ഒ.ജി അറസ്റ്റ് ചെയ്തിരുന്നു. മുഖ്യസൂത്രധാരൻ ഇയാളാണെന്നാണ് പൊലീസിന്റെ നിഗമനം. സിക്കാറിലെ പിപ്രാലി റോഡിൽ പ്രവർത്തിക്കുന്ന എസ്.കെ കൺസൾട്ടൻസി നടത്തുന്ന രാകേഷ് മണ്ഡവാരിയയാണ് കസ്റ്റഡിയിലുള്ള മറ്റൊരാൾ. ഇയാളാണ് ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിൽ മുഖ്യപങ്കുവഹിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. അന്വേഷണത്തിൽ ഏപ്രിൽ മാസത്തിൽതന്നെ രാകേഷ് മണ്ഡവാരിയക്ക് ചോദ്യപേപ്പർ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സിക്കാർ, ചുരു, ജുൻജുനു, ഡെറാഡൂൺ എന്നിവിടങ്ങളിലെ വിദ്യാർഥികളിലേക്ക് ചോദ്യപേപ്പർ എത്തിയതായാണ് വിവരം. പി.ഡി.എഫിന് പുറമെ അച്ചടിച്ച പേപ്പറുകൾ വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്തതായും ആരോപണമുണ്ട്.
720 മാർക്കിന്റെ പരീക്ഷയിൽ ഏകദേശം 600 മാർക്കിനുള്ള ചോദ്യങ്ങൾ പരീക്ഷക്ക് രണ്ടുദിവസം മുമ്പേ പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിൽ ഉണ്ടെന്നാണ് ആരോപണം. 20,000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ ഈടാക്കിയാണ് ഈ ചോദ്യങ്ങൾ വിദ്യാർഥികൾക്കിടയിൽ വിറ്റഴിച്ചതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. മാതൃകാ ചോദ്യ പേപ്പറിലെ ഭൂരിഭാഗം ചോദ്യങ്ങളും പരീക്ഷ ചോദ്യ പേപ്പറിലെ ചോദ്യങ്ങളുമായി ഒത്തുപോകുന്നുണ്ടെന്ന് രാജസ്ഥാൻ പൊലീസിന്റെ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്പും (എസ്.ഒ.ജി) കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ മെഡിക്കൽ കോളജിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥിയിലേക്കും നിലവിൽ അന്വേഷണം നീളുന്നുണ്ട്. ഇയാൾ മേയ് ഒന്നിന് സിക്കറിലുള്ള തന്റെ സുഹൃത്തിന് അയച്ചുകൊടുത്ത ചോദ്യങ്ങൾ കോച്ചിങ് സെന്ററുകൾ വഴിയും മെസേജിങ് ആപ്പുകൾ വഴിയും വ്യാപകമായി പ്രചരിക്കുകയായിരുന്നു. പല ചോദ്യങ്ങളിലെയും ഉത്തരങ്ങളുടെ ക്രമം പോലും മാറ്റമില്ലാതെയാണ് പരീക്ഷയിൽ പ്രത്യക്ഷപ്പെട്ടത് എന്നത് അസ്വാഭാവികമായ കൃത്യതയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
പരീക്ഷ കഴിഞ്ഞ് നാലുദിവസത്തിന് ശേഷമാണ് പരാതികൾ ശ്രദ്ധയിൽപ്പെട്ടതെന്നും അന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) വ്യക്തമാക്കി. രാജസ്ഥാൻ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് എൻ.ടി.എ അറിയിച്ചു. 2024ലെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പേപ്പർ ചോർച്ചയും ക്രമക്കേടുകളും വലിയ പ്രതിഷേധങ്ങൾക്കും സുപ്രീംകോടതി ഇടപെടലുകൾക്കും വഴിവെച്ചിരുന്നു. പുതിയ വെളിപ്പെടുത്തലുകൾ രാജ്യമെമ്പാടുമുള്ള മെഡിക്കൽ പ്രവേശന പരീക്ഷാ സംവിധാനത്തെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്.
.jpg)

