'നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട്', അന്വേഷണം കേരളത്തിലേയ്ക്കും

neet exam

കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥിയാണ് ചോദ്യപേപ്പർ ചോർത്തിയതെന്നാണ് രാജസ്ഥാൻ സ്‌പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്. അന്വേഷണം കേരളത്തിലേയ്ക്കും നീളുന്നതായി വിവരമുണ്ട്.

ജയ്‌പൂർ: നാഷനല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ് യു.ജി) ചോദ്യപേപ്പർ ചോർന്നതായുള്ള സംശയത്തില്‍ 13 പേ‌ർ കസ്റ്റഡിയില്‍.സികാർ, ഡെറാഡൂണ്‍ എന്നിവിടങ്ങളില്‍ നിന്നാണ് രാജസ്ഥാൻ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സികാറിലെ കോച്ചിംഗ് സെന്റർ ഉടമ, പേയിംഗ് ഗസ്റ്റ് താമസ സൗകര്യ ഉടമ, ഡെറാഡൂണില്‍ നിന്ന് രണ്ട് വിദ്യാർത്ഥികള്‍ തുടങ്ങിയവർ കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലിനായി മാത്രമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥിയാണ് ചോദ്യപേപ്പർ ചോർത്തിയതെന്നാണ് രാജസ്ഥാൻ സ്‌പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്. അന്വേഷണം കേരളത്തിലേയ്ക്കും നീളുന്നതായി വിവരമുണ്ട്.

മേയ് മൂന്നിനായിരുന്നു നീറ്റ് പരീക്ഷ നടന്നത്. രാജസ്ഥാൻ സികാറിലെ വിദ്യാർത്ഥികള്‍ക്കിടയില്‍ പ്രചരിച്ച ചോദ്യാവലി യഥാർത്ഥ ചോദ്യപേപ്പറിലെ ചില ഭാഗങ്ങള്‍ക്ക് സമാനമാണെന്നതാണ് സംശയം ഉയരാൻ കാരണം. നീറ്റ് പരീക്ഷയിലെ 720 ചോദ്യങ്ങളില്‍ 600 എണ്ണമാണ് ചോദ്യാവലിയിലേതുമായി സാദൃശ്യമുള്ളതെന്ന് രാജസ്ഥാൻ സ്‌പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

ഇത് യാദൃച്ഛികമായി സംഭവിച്ചതാണോ അതോ ചോദ്യപേപ്പർ ചോ‌ർന്നതാണോയെന്ന സംശയത്തിലാണ് അധിക‌ൃതർ. നീറ്റ് പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപാണ് സികാറില്‍ ചോദ്യാവലി പ്രചരിച്ചത്. 20,000 മുതല്‍ രണ്ട് ലക്ഷം രൂപയ്ക്ക് വരെയാണ് ഇത് വിറ്റഴിച്ചത്. പരീക്ഷയ്ക്ക് മുൻപ് ഏകദേശം 30,000 ചോദ്യാവലികള്‍ വിറ്റു പോയിരുന്നു.

Tags