കനത്ത സുരക്ഷയില്‍ നീറ്റ് പുനഃപരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 23 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍

neet exam

പരീക്ഷ നടത്തിപ്പിനുള്ള എല്ലാം ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് എന്‍ടിഎ അറിയിച്ചു.

കനത്ത സുരക്ഷയില്‍ നീറ്റ് പുനഃപരീക്ഷ ഇന്ന്. രാജ്യത്തെ ആകെ 23 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പുനപരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അഞ്ചേകാല്‍ വരെയാണ് പരീക്ഷ. പരീക്ഷ നടത്തിപ്പിനുള്ള എല്ലാം ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് എന്‍ടിഎ അറിയിച്ചു.

രാജ്യത്തെ 551 ഉം വിദേശത്തെ 14 ഉം നഗരങ്ങളിലായി 5440 നീറ്റ് പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമായിരിക്കുന്നത്. സുരക്ഷയ്ക്കായി രണ്ടരലക്ഷം പൊലീസ് ഉദ്യോഗസ്ഥരെയും 15000 അര്‍ദ്ധസൈനികരെയും വിന്യസിച്ചു. ചോദ്യപേപ്പറുകളുടെയും ഉത്തക്കടലാസുകളുടെയും സുരക്ഷ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കാണ്. പരീക്ഷ കേന്ദ്രങ്ങള്‍ക്ക് ചുറ്റും മറ്റുമായി ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51000 സിഗ്‌നല്‍ ജാമറുകളും സജ്ജമാക്കിയിട്ടുണ്ട്.

ക്യാമറ ദൃശ്യങ്ങള്‍ തല്‍സമയം നിരീക്ഷിക്കാന്‍ എന്‍ടിഎ പ്രത്യേക സംഘം ഉണ്ടായിരിക്കും. സമൂഹമാധ്യമ നിരീക്ഷണത്തിന് ഹൈ-ലെവല്‍ മോണിറ്ററിങ് സെന്റര്‍. 674 സിറ്റി കോര്‍ഡിനേറ്റര്‍മാരും പരീക്ഷാ കേന്ദ്രങ്ങളില്‍ മേല്‍നോട്ടത്തിനായി 6,669 നിരീക്ഷകരും ഉള്‍പ്പെടുന്നു. അങ്ങനെ പഴുതടച്ചുള്ള ക്രമീകരണങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയ്ക്കായി യുദ്ധക്കാല അടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങളാണ് നടന്നത്. വ്യോമസേനയുടെ വിമാനങ്ങളിലായിരുന്നു ചോദ്യപേപ്പറുകള്‍ എത്തിച്ചത്.

Tags