നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം : സുഹൈലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
കൊച്ചി: കേരളത്തെ നടുക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകട കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതിയുടെ ജാമ്യനീക്കത്തെ പ്രതിരോധിക്കാൻ ശക്തമായ ശാസ്ത്രീയ തെളിവുകളുമായി അന്വേഷണ സംഘം കോടതിയിലെത്തും.
അപകടസമയത്ത് പ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയതിന് പിന്നാലെ, അത് സാധൂകരിക്കുന്ന റീജ്യണൽ അനലിറ്റിക്കൽ ലബോറട്ടറിയുടെ പരിശോധനാഫലം പൊലീസ് കോടതിയിൽ ഹാജരാക്കും.
കുറ്റകൃത്യത്തിന്റെ ഗൗരവവും സമൂഹത്തിലുണ്ടാക്കിയ നടുക്കവും മുൻനിർത്തി പ്രതിക്ക് ജാമ്യം നൽകരുതെന്ന് അന്വേഷണ സംഘം ശക്തമായി ആവശ്യപ്പെടും.
മറുവശത്ത്, പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും തുടർന്നുള്ള ജുഡീഷ്യൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യം നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രതിഭാഗം.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഭീകരമായ അപകടം നടന്നത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്ന് കൗമാരക്കാരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
.jpg)


