ദമ്പതിമാർ ചമഞ്ഞ് സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്ന സംഭവം : യുവതിയടക്കം മൂന്നുപേർ പോലീസ് പിടിയിൽ
Sep 13, 2023, 19:05 IST

പാലക്കാട്: ദമ്പതിമാർ ചമഞ്ഞ് സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ പോലീസ് പിടിയിൽ. എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ ഇമ്മാനുവൽ (25), ഇയാളുടെ പെൺസുഹൃത്ത് കൊല്ലം റെയിൽവേ സ്റ്റേഷനുസമീപം താമസിക്കുന്ന ഫാത്തിമ (24), കവർച്ചയുടെ മുഖ്യസൂത്രധാരനെന്നുകരുതുന്ന പാലക്കാട് താരേക്കാട് ലോർഡ്സ് അപ്പാർട്ട്മെൻറിൽ താമസിക്കുന്ന വിഷ്ണു (25) എന്നിവരാണ് പാലക്കാട് ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്.
അകത്തേത്തറ സ്വദേശിനി ഗായത്രിയുടെ മൂന്നേകാൽ പവന്റെ മാല കവർന്ന കേസിലാണ് പ്രതികൾ പിടിയിലായത്. ഓഗസ്റ്റ് 24ന് വൈകീട്ട് ആറരയോടെയാണ് കേസിനാസ്പദ സംഭവം നടന്നത്. ക്ഷേത്രത്തിൽ പോയി മടങ്ങുന്നതിനിടെ, കല്പാത്തി ചാത്തപുരത്തുവെച്ച് സ്കൂട്ടറിലെത്തിയ ഇമ്മാനുവലും ഫാത്തിമയും ഗായത്രിയുടെ മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു.