കൊച്ചിയുടെ ആകാശത്ത് ചിറക് വിരിച്ച് തളിപ്പറമ്പ മൂത്തേടത്തെ NCC കേഡറ്റുകൾ

NCC cadets from Taliparamba Moothedam spread their wings in the skies of Kochi

 കണ്ണൂർ : തളിപ്പറമ്പ മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ എയർ വിങ് എൻ സി സി കേഡറ്റുകൾ  ഫ്ലയിങ് പരിശീലനം നടത്തി. കൊച്ചി നേവൽ ബേസ് ആസ്ഥാനത്ത് വച്ചാണ് പറക്കൽ പരിശീലനം നടന്നത്. മെയ്  08  മുതൽ 17 വരെ മട്ടാഞ്ചേരി ടി ഡി ഹൈസ്കൂളിൽ വച്ച് നടന്ന എൻ സി സി യുടെ വാർഷിക പരിശീലന ക്യാമ്പിൽ പങ്കെടുത്ത 51 കേഡറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട  കുട്ടികൾക്കാണ് പരിശീലനം ലഭിച്ചത്. 

എയർവിങ് എൻസിസിയുടെ സിലബസിന്റെ ഭാഗമായാണ് പരിശീലനം എങ്കിലും ആദ്യമായി ആകാശത്ത് പറക്കാനും കൊച്ചിയുടെ ആകാശക്കാഴ്ചകൾ കാണാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് കേഡറ്റുകൾ.  എയർ വിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന സെൻ മൈക്രോലൈറ്റ് എയർക്രാഫ്റ്റിൽ കോ പൈലറ്റ് ആയാണ് കുട്ടികൾ കൊച്ചിയുടെ ആകാശം  കീഴടക്കിയത്. ടേക്ക് ഓഫ്,  ലാൻഡിങ് എന്നിവയ്ക്ക് പുറമേ എയർക്രാഫ്റ്റിന്റെ മറ്റ്‌ പ്രവർത്തനങ്ങളും ഭാഗങ്ങളും കോക്ക് പിറ്റിനകത്തുള്ള സംവിധാനങ്ങളും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

പരിശീലനത്തിന് 3 കേരള എയർ വിങ് കമാൻഡിങ് ഓഫീസർ വിങ് കമാൻഡർ സുമിത്ത് ശേഖർ, സർജന്റ് നവീൻ, സർജൻറ് ശൈവം, സ്കൂൾ എൻ സി സി ഓഫീസർ പി വി മിദ്ലാജ് എന്നിവർ നേതൃത്വം നൽകി. കേഡറ്റ് ഐദ സാദിഖ്, കേഡറ്റ് അഭിന പി വി, കേഡറ്റ് ആർ നിവേദ്യ, കേഡറ്റ് അരുൺ കൃഷ്ണ, കേഡറ്റ് ദേവദത്ത് പി വി എന്നിവരാണ് ആദ്യഘട്ടത്തിൽ പറക്കൽ പരിശീലനം  നേടിയത്.  ക്യാമ്പിൽ പങ്കെടുത്ത 51  കേഡറ്റുകളും ഫയറിംഗ് പരിശീലനവും നടത്തി. കൂടാതെ 3 കേരള എയർ NCC ആസ്ഥാനത്ത് 20 കേഡറ്റുകൾ ഫ്ലയിങ് അനുകരണവും ആസ്വദിച്ചു.

മൂത്തേടത് ഹയർ സെക്കണ്ടറി സ്‌കൂളിൽ മാത്രമാണ് തളിപ്പറമ്പിൽ NCC എയർ വിംഗ് ഉള്ളത്. ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ സ്‌കൂൾ മാനേജ്‌മെന്റും സ്റ്റാഫും പി ടി എ യും അനുമോദിച്ചു.

Tags