നാടെങ്ങും നവരാത്രി ആഘോഷം; പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക്

Navratri celebrations across the country; Huge crowd of devotees at major temples

തിരുവനന്തപുരം: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംസ്ഥാനത്തെയും അയല്‍സംസ്ഥാനങ്ങളിലെയും പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക്. കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭ ചടങ്ങുകള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിന് പുറത്താണെങ്കിലും മലയാളികള്‍ വിദ്യാരംഭത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3 മണിക്ക് നടതുറക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയുടെ കാര്‍മികത്വത്തില്‍ സരസ്വതി മണ്ഡപത്തിലും മണ്ഡപ വരാന്തയിലുമായി കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കും.

ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ തന്ത്രി എരൂര്‍ പുലിയന്നൂര്‍ ദിലീപന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പന്തീരടി പൂജയും മേല്‍ശാന്തിമാരായ എന്‍.വി. കൃഷ്ണന്‍ നമ്പൂതിരി, സി.എല്‍. സതീഷ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ സരസ്വതി പൂജയും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും എഴുത്തിനിരുത്ത് ആരംഭിക്കുക. ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളില്‍ 16 വൈദിക ബ്രാഹ്മണര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. കുരുന്നുകള്‍ക്ക് പൂജിച്ച സാരസ്വതാരിഷ്ടം, പഞ്ചാമൃതം, പഴം തുടങ്ങിയവ വിതരണം ചെയ്യുമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

മലപ്പുറം തിരൂരിലെ തുഞ്ചന്‍പറമ്പില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും ആശാന്മാരുടെയും നേതൃത്വത്തില്‍ പുലര്‍ച്ചെ മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ ശീവേലിയും സരസ്വതി പൂജയും കഴിഞ്ഞ് രാവിലെ 7 മണിയോടെ വടക്കേ പഠിപ്പുര മണ്ഡപത്തിലാണ് എഴുത്തിനിരുത്ത് ആരംഭിക്കുക.

പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കെ. ഇന്ദുകുമാരി വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമിടും. ചേര്‍പ്പ് തിരുവുള്ളക്കാവ് ക്ഷേത്രം, പനച്ചിക്കാട് സരസ്വതി ക്ഷേത്രം, ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, തിരുവമ്പാടി, പാറമേക്കാവ് തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ആയിരക്കണക്കിന് കുട്ടികളാണ് ആദ്യാക്ഷരം കുറിക്കാനെത്തുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും ചടങ്ങുകള്‍ സുഗമമാക്കുന്നതിനുമായി പല പ്രമുഖ ക്ഷേത്രങ്ങളിലും മുന്‍കൂട്ടി ബുക്കിംഗ് സൗകര്യമടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags