കണ്ണൂരിൽ നവകേരള സദസിന്റെ പ്രചാരണ ബോർഡുകളിൽ 18 മന്ത്രിമാർ മാത്രം : മൂന്നുപേരെ കാണാനില്ലാത്തത് വിവാദമാകുന്നു

google news
NavkeralaSadas

കണ്ണൂർ:നവ കേരള സദസിന്റെ പ്രചരണ ബോർഡുകളിൽ 18 മന്ത്രിമാർ മാത്രം.കണ്ണൂർ നിയോജകമണ്ഡലത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളിലാണ് മൂന്നു മന്ത്രിമാരുടെ ഫോട്ടോ ഒഴിവാക്കിക്കൊണ്ട് 18 മന്ത്രിമാരുടെ മാത്രം ഫോട്ടോകൾ വച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.

കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിയോജകമണ്ഡലമായ കണ്ണൂരിലാണ് നൂറുകണക്കിന് പ്രചരണ ബോർഡുകൾ മൂന്നു മന്ത്രിമാരെ വെട്ടി മാറ്റിക്കൊണ്ട് സ്ഥാപിച്ചിട്ടുള്ളത്. ഇതു സി.പി.എം അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ചർച്ചയായിട്ടുണ്ട്.

സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ,  ഗതാഗത വകുപ്പു മന്ത്രി ആൻറണി രാജു , വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ എന്നിവരുടെ ഫോട്ടോകളാണ് വെട്ടി മാറ്റിയത്.രണ്ടര വർഷക്കാലത്തിനു ശേഷം മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി മന്ത്രിസ്ഥാനം നഷ്ടമാകുന്ന മന്ത്രിമാരുടെ ഫോട്ടോകളാണ് ബോർഡിൽ നിന്നും തെറിച്ചിരിക്കുന്നത്. രാമചന്ദ്രൻ കടന്നപ്പള്ളി ബ അനുകൂലിക്കുന്നവരാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയരുന്നുണ്ട്.

മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെച്ചാൽ രാമചന്ദ്രൻ കടന്നപ്പള്ളിയും ആന്റണി  രാജു രാജിവച്ചാൽ  ഗണേഷ് കുമാറിനും  മന്ത്രി സ്ഥാനം ലഭിക്കേണ്ടതാണ് .കാലാവധി കഴിഞ്ഞിട്ടും  മന്ത്രിസ്ഥാന മാറ്റം നടക്കാത്തതുകൊണ്ട് മാത്രമാണ് അവർ ഇപ്പോഴും മന്ത്രിമാരായി തുടരുന്നത്. ഇതിൽ കടന്നപള്ളിക്ക് ഉണ്ടായ നീരസമാണ് ബോർഡിൽ മന്ത്രിമാരുടെ തലവെട്ടി മാറ്റിയതിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത് എൻസിപിയുടെ മന്ത്രി എ കെ ശശീന്ദ്രൻ രണ്ടര വർഷക്കാലത്തിനുശേഷം തോമസ് കെ തോമസിന് വേണ്ടി മന്ത്രിസ്ഥാനം ഒഴിയണമെന്ന് ധാരണ പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്നുവെന്നും അത് നടപ്പിലാക്കുമെന്നും എൻസിപി വിമത നേതാക്കൾ പറഞ്ഞിരുന്നു  അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ഫോട്ടോ മാറ്റിയതെന്നാണ് സൂചന.

സംസ്ഥാനത്തെ മൂന്നു മന്ത്രിമാരുടെ തലവെട്ടി മാറ്റിയ ബോർഡുകൾ സ്ഥാപിച്ചിട്ട് ദിവസങ്ങളായിട്ടും ഇത് മാറ്റുവാൻ ആവശ്യപ്പെടാത്ത ഇടതുമുന്നണി നേതൃത്വവും പ്രതിരോധത്തിൽ ആയിരിക്കുകയാണ്.കഴിഞ്ഞദിവസം ഐഎൻഎൽ നേതാക്കൾ സിപിഎം ജില്ലാ സെക്രട്ടറി എം വി  ജയരാജൻ്റെയും  എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ്റെയും ശ്രദ്ധയിൽ ഈ കാര്യം കൊണ്ടുവന്നിരുന്നു. 

ഈക്കാര്യം അന്വേഷിക്കട്ടെയെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് ഐ എൻ എൽ ജില്ലാ സെക്രട്ടറി ഹമീദ് ചെങ്ങളായി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും ഒരേ തരത്തിലുള്ള പ്രചരണ ബോർഡുകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശം ഉണ്ടായിട്ടും കണ്ണൂർ മണ്ഡലത്തിൽ മാത്രം മൂന്ന് മന്ത്രിമാരെ വെട്ടി മാറ്റിയത് മനപ്പൂർവ്വം ആണെന്നാണ് ഐ എൻ എൽ നേതാക്കൾ പറയുന്നത്.

Tags