നവകേരള സദസ് അശ്ലീല നാടകം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

google news
vd satheesan

തിരുവനന്തപുരം: നവകേരള സദസ് അശ്ലീല നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനങ്ങളോട് സര്‍ക്കാര്‍ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.

ജനങ്ങളെ വഞ്ചിക്കുകയും കബളിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ അത് മറക്കാനാണ് പരിപാടിയിലൂടെ ശ്രമിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളില്‍ കഞ്ഞി വിതരണം ചെയ്യുന്നതിന്റെ പണം പോലും വിതരണം ചെയ്യാത്ത സര്‍ക്കാറാണ് കെട്ടുകാഴ്ചകളുമായി മുന്നോട്ട് പോകുന്നത്.

യു.ഡി.എഫിലെ ഒരാളും നവകേരള സദസിനോട് അനുഭാവം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ഒന്നര കോടിയുടെ ബസ് നിയവിരുദ്ധമായി ഓടുകയാണ്. രാജഭരണമാണ് കേരളത്തില്‍ നടക്കുന്നത്. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ ഗവര്‍ണര്‍-മുഖ്യമന്ത്രി തര്‍ക്കമെന്ന നാടകം എപ്പോഴും വരും.

സംസ്ഥാനം കടന്നു പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്. പൊതുമേഖല സ്ഥാപനങ്ങള്‍ തകര്‍ന്നു. അഞ്ച് മാസം മുമ്പ് മന്ത്രിമാര്‍ നടത്തിയ താലൂക്ക് തല അദാലത്തില്‍ നല്‍കിയ പരാതികള്‍ പോലും പരിഹരിക്കപ്പെട്ടില്ലെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സതീശന്‍ പറഞ്ഞു.

Tags