മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലേക്ക്; നവ കേരള സദസിനു ഇന്ന് തുടക്കം; ആഡംബര ബസ് കാസര്‍ക്കോട് എത്തി

nava kerala

കാസര്‍ക്കോട്: പിണറായി സര്‍ക്കാരിന്റെ നവ കേരള സദസിനു ഇന്ന് കാസര്‍ക്കോട് തുടക്കമാകും. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളി?ഗയില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഉദ്ഘാടനം. മുഖ്യമന്ത്രിയും മറ്റു വകുപ്പ് മന്ത്രിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുന്നതാണ് പരിപാടി. ഇന്ന് മുതല്‍ ഡിസംബര്‍ 24 വരെയാണ് പര്യടനം. 

ഇവര്‍ക്ക് സഞ്ചരിക്കാനുള്ള പ്രത്യേകം നിര്‍മിച്ച ബസ് കേരളത്തിലെത്തിച്ചു. പുലര്‍ച്ചെ കാസര്‍ക്കോട് എത്തിച്ച ബസ് പൊലീസ് ക്യാമ്പിലേക്ക് മാറ്റി. ആഡംബര ബസിനു ഇളവുകള്‍ അനുവദിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ബസിനായി പ്രത്യേക ഇളവുകള്‍ വരുത്തി കോണ്‍ട്രാക്റ്റ് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ബസിന്റെ മുനിരയിലെ സീറ്റിനു 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ബസിനു മാത്രമായി കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കളര്‍ കോഡിനും ഇളവുണ്ട്. ബസ് നിര്‍ത്തുമ്പോള്‍ പുറത്തു നിന്നു വൈദ്യുതി ജനറേറ്റര്‍ വഴിയോ ഇന്‍വര്‍ട്ടര്‍ വഴിയോ വൈദ്യുതി നല്‍കാനും അനുമതിയുണ്ട്. 

കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങള്‍ക്ക് വെള്ള നിറം വേണമെന്നാണ് നിയമം. നവകേരള ബസിന്റെ നിറം ചോക്ലേറ്റ് ബ്രൗണ്‍ നിറമാണ്. വിവിഐപികള്‍ക്കുള്ള ബസിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവ് എന്നാണ് ഉത്തരവില്‍ പറയുന്നത്. ഇളവുകള്‍ ഈ ബസിനു മാത്രമായിരിക്കും നിലവില്‍ ബാധകമായിരിക്കുക. കെഎസ്ആര്‍ടിസി എംഡിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ വിജ്ഞാപനം. 

ബസില്‍ മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം സീറ്റുകളും ഉണ്ട്. ബയോ ടോയ്ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവര്‍ക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സ്പോട് ലൈറ്റുള്ള സ്പെഷ്യല്‍ ഏരിയ തുടങ്ങിയവയാണ് ബസിലുള്ളതെന്നാണ് വിവരം.  ബസ് വാങ്ങാന്‍ കഴിഞ്ഞ ദിവസം ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. യാത്രക്ക് ശേഷം  ബസ് കെഎസ്ആര്‍ടിസിക്ക് കൈമാറാനാണ് നീക്കം. ഡബിള്‍ ഡക്കര്‍ ബസ് വാടകക്ക് നല്‍കി കാശുണ്ടാക്കും പോലെ നവകേരള സദസ് ബസും വരുമാന മാര്‍?ഗമാകുമെന്നാണ് വിശദീകരണം.

Tags